ദക്ഷിണ കുടകില്‍ മലയാളികളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

ബംഗളൂരു: കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനെയും കൂട്ടുകാരനെയും ആക്രമിച്ച് 23,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും കവര്‍ന്നു. പച്ചക്കറി വ്യാപാരിയായ മുഹമ്മദും സുഹൃത്ത് നൗഷാദുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ദക്ഷിണ കുടകിലെ ഹുഡികേരിയില്‍ ആക്രമണത്തിനും കവര്‍ച്ചക്കുമിരയായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മുഹമ്മദും നൗഷാദും വാടകക്കെടുത്ത ആഡംബര കാറില്‍ മൈസൂരുവഴി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.

പുലര്‍ച്ചെ രണ്ടോടെ ഗോണികൊപ്പാളില്‍ എത്തിയപ്പോള്‍ രണ്ട് ഇന്നോവ കാറുകള്‍ പിന്തുടരുന്നത് ശ്രദ്ധയില്‍പെട്ടു. ഇതിലൊന്ന് വാഹനത്തില്‍ ഇടിപ്പിച്ചതോടെ വേഗം വര്‍ധിപ്പിച്ചെങ്കിലും സംഘം പിന്തുടര്‍ന്നു. 2.30ഓടെ ഹുഡികേരിയില്‍ എത്തിയപ്പോള്‍ ഒരു കാര്‍ മുന്നിലും മറ്റൊന്ന് പിന്നിലും വിലങ്ങിട്ടു. സംഘം നൗഷാദിനെ കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ച ശേഷം റോഡില്‍ തള്ളുകയും മുഹമ്മദിനെ മൂന്ന് കിലോമീറ്റര്‍ അകലെ കൊണ്ടുപോയ ശേഷം പണം ആവശ്യപ്പെടുകയുമായിരുന്നു. മുഹമ്മദ് ഇത് ചെറുക്കാന്‍ ശ്രമിച്ചതോടെ സംഘം മര്‍ദിച്ചവശനാക്കുകയും കൈയിലുള്ള പണവും മൊബൈല്‍ ഫോണുകളും കൈക്കലാക്കുകയും ചെയ്തു. കൂടുതല്‍ പണത്തിനായി വാഹനം മുഴുവന്‍ പരിശോധിച്ച ശേഷമാണ് സംഘം സ്ഥലം വിട്ടത്. ഒരു കാലിന്‍െറ എല്ല് പൊട്ടുകയും കൈക്കും മുഖത്തുമെല്ലാം പരിക്കേല്‍ക്കുകയും ചെയ്ത മുഹമ്മദ് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നൗഷാദിന്‍െറ പരാതിയില്‍ ശ്രീമംഗല പൊലീസ് അന്വേഷണം ആരംഭിച്ചു. കേരളത്തില്‍നിന്ന് രാത്രി കര്‍ണാടകയിലേക്കും തിരിച്ചും പോകുന്ന മലയാളികള്‍ നിരന്തരം കൊള്ളയടിക്കപ്പെടുന്നതായി വ്യാപക പരാതിയുയര്‍ന്നിരുന്നു. സ്ത്രീകളുമായി പോകുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കുകയാണ്. എന്നാല്‍, കുറ്റവാളികളെ കണ്ടത്തൊന്‍ പൊലീസിന് കഴിയാത്തത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നു.

Tags:    
News Summary - theft in coorg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.