സാമ്പത്തിക ബാധ്യത; തേജസ് ദിനപത്രം പ്രസിദ്ധീകരണം നിർത്തുന്നു

കോഴിക്കോട്: മലയാള പത്രപ്രവർത്തനരംഗത്ത് 12 വർഷം പിന്നിട്ട തേജസ് ദിനപത്രം പ്രസിദ്ധീകരണം നിർത്തുന്നു. ഡിസംബർ 31 വ രെ മാത്രമേ പത്രം അച്ചടിക്കുകയുള്ളൂവെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മുന്നോട്ടുപോവാൻ മറ്റൊരു വഴിയുമില്ലാത്ത തരത്തിലുള്ള സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ മാനേജ്മ​​െൻറിനെ പ്രേരിപ്പിച്ചത്. പത്രത്തി​​​െൻറ ചിറകരിയാനുള്ള നടപടി സ്വീകരിച്ചത് സർക്കാറാണെന്ന്​ തേജസ് എഡിറ്റർ കെ.എച്ച്. നാസർ ആരോപിച്ചു. 2010 മേയ് 14ന് അന്നത്തെ ഇടത് സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ സർക്കാർ പരസ്യങ്ങൾ നിഷേധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​െൻറ സർക്കുലറും സംസ്ഥാന ഇൻറലിജൻസ് മേധാവി അയച്ച കത്തും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

പിന്നീട് യു.ഡി.എഫ് സർക്കാർ കുറച്ചുകാലത്തേക്ക് പരസ്യം നൽകിയെങ്കിലും അതും നിലച്ചു. ഇപ്പോ​ഴത്തെ സർക്കാറും പരസ്യനിഷേധം തുടർന്നു. സർക്കാർ പരസ്യങ്ങളില്ലാതെ തേജസ് പോലൊരു ചെറുകിട പത്രത്തിന് അധികനാൾ മുന്നോട്ടുപോകാനാവില്ല. ജീവനക്കാരുടെ പെൻഷൻ, അക്രഡിറ്റേഷൻ ഉൾ​െപ്പടെയുള്ളവ റദ്ദാക്കൽ നടപടിയും പത്രം നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചു. ഇതോടൊപ്പം അനുബന്ധ ഉപകരണങ്ങളുടെ വിലവർധനവും താങ്ങാവുന്നതിന്​ അപ്പുറമായിരുന്നു.

പത്രം പുറത്തിറങ്ങില്ലെങ്കിലും പുതിയ ഓൺലൈൻ പോർട്ടൽ തുടങ്ങുകയും നിലവിലെ ദ്വൈവാരിക, വാരികയായി പുറത്തിറക്കുകയും ചെയ്യും. സ്ഥാപനത്തിലെ 300ലേറെ വരുന്ന ജീവനക്കാർക്ക് കമ്പനി ആക്ട് പ്രകാരമുള്ള നഷ്​ടപരിഹാരം സമയബന്ധിതമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തേജസ് നടത്തിപ്പുകാരായ ഇൻറർമീഡിയ പബ്ലിഷിങ് ലിമിറ്റഡ് എം.ഡി കെ. ഫായിസ് മുഹമ്മദ്, ഡയറക്ടർ എം. ഉസ്മാൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.


തീരുമാനം പുനഃപരിശോധിക്കണം -കെ.യു.ഡബ്ല്യു.ജെ
കോഴിക്കോട്: തേജസ് ദിനപത്രം നിർത്താനുള്ള തീരുമാനം മാനേജ്മ​​െൻറ് പുനഃപരിശോധിക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജീവനക്കാരെ ഒന്നടങ്കം പെരുവഴിയിലാക്കുന്ന നടപടിയാണിത്. പൂട്ടാൻ തീരുമാനിച്ചശേഷമാണ് ജീവനക്കാരെ പോലും അറിയിച്ചത്. പിന്നീടാണ്​ യൂനിയൻ അറിഞ്ഞത്. 300ലേറെ ജീവനക്കാരുടെ ഭാവിയെക്കുറിച്ചോ നഷ്​ടപരിഹാരത്തെക്കുറിച്ചോ ആലോചിക്കാതെ, വ്യക്തമായ പാക്കേജും രൂപരേഖയും തയാറാക്കാതെ തീരുമാനമെടുത്തതിൽ യൂനിയന് പ്രതിഷേധമുണ്ട്.

മറ്റു പല പത്രങ്ങളിലും സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ആരും അടച്ചുപൂട്ടുന്നില്ല. ജീവനക്കാർ വിട്ടുവീഴ്ച ചെയ്യാൻ തയാറായിട്ടും തീരുമാനവുമായി മുന്നോട്ടുപോവുന്നത് ശരിയല്ല. തൊഴിൽ പ്രശ്നമെന്ന നിലക്ക് സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. തേജസിന് സർക്കാർ പരസ്യം പുനഃസ്ഥാപിക്കാൻ സർക്കാറും മുഖ്യമന്ത്രിയും തയാറാവണം. ജീവനക്കാർക്ക് യൂനിയ​​​െൻറ പൂർണപിന്തുണയുമുണ്ട്. ആനുകൂല്യം കൃത്യമായി ലഭിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജന. സെക്രട്ടറി സി. നാരായണൻ, കോഴിക്കോട് ജില്ല സെക്രട്ടറി പി. വിപുൽനാഥ് എന്നിവർ അറിയിച്ചു.


Tags:    
News Summary - thejas daily- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.