നിലമ്പൂർ: മലപ്പുറത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടംനേടിയ തേക്ക് മുത്തശ്ശിക്ക് വയസ് 178. മനുഷ്യനിർമിതമായ ലോകത്തിലെ ഏറ്റവും വലിയ തേക്ക് നിലമ്പൂരിൽ ചാലിയാറിന് തീരത്ത് കനോലി പ്ലോട്ടിലാണ്. 2017ലെ റിപ്പോർട്ട് പ്രകാരം 49.5 മീറ്റർ ഉയരവും 434 സെ.മീറ്റർ ചുറ്റളവുമാണ് മുത്തശ്ശിമരത്തിനുള്ളത്. അൾട്ടിമീറ്ററിന്റെ സഹായത്തോടെയാണ് ഉയരം അളക്കുന്നത്.
മുംബൈ ഷിപ് യാർഡിൽ കപ്പൽ നിർമാണത്തിന് തേക്ക് തടികൾക്ക് കടുത്ത ക്ഷാമം നേരിട്ട കാലത്താണ് ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം നിലമ്പൂരിൽ പിറവിയെടുത്തത്. അന്നത്തെ മലബാർ കലക്ടറായിരുന്ന എച്ച്.വി. കനോലിയാണ് പദ്ധതി തയാറാക്കിയത്. 60 കൊല്ലം തുടർച്ചയായി രണ്ടായിരം തേക്കുമരങ്ങൾ വീതം നടുന്നതായിരുന്നു പദ്ധതി. കൺസർവേറ്ററായിരുന്ന ചാത്തുമേനോനായിരുന്നു തോട്ടത്തിന്റെ ചുമതല.
1846ൽ 14.8 ഏക്കറിൽ ലോകത്ത് ആദ്യമായി തേക്കുതോട്ടം ആരംഭിച്ചു. ഇതിൽ 9.18 ഏക്കറിലെ തേക്കുമരങ്ങൾ ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സഖ്യകക്ഷികളുടെ തടി ആവശ്യത്തിന് മുറിച്ചുകൊണ്ടുപോയി. 5.6 ഏക്കറിലെ 119 മരങ്ങൾ സംരക്ഷിച്ചു പോന്നു. കടപുഴകിയ രണ്ട് മരങ്ങൾ 2008 ൽ കഷ്ണങ്ങളാക്കി വനംവകുപ്പ് ലേലം ചെയ്തു വിറ്റു. അവശേഷിച്ച 117 മരങ്ങൾ പ്രാധാന്യത്തോടെ സംരക്ഷിക്കുന്നു. ചരിത്ര തേക്കുതോട്ടം പിന്നീട് വനംവകുപ്പ് ടൂറിസം കേന്ദ്രമാക്കി. ചാലിയാറിന് കുറുകെ തൂക്കുപാലം നിർമിച്ച് തേക്കുതോട്ടത്തിലേക്കുള്ള സഞ്ചാരം സുഗമമാക്കി.
കുട്ടികൾക്കുള്ള പാർക്കും ഇരിപ്പിടവും നടപ്പാതയും നിർമിച്ച് തോട്ടം ആകർഷകമാക്കി. തേക്ക് മുത്തശ്ശിയെ കാണാൻ വിദേശ സഞ്ചാരികളുൾപ്പടെ ഒഴുകിയെത്തി. വൈകാതെ വനം വകുപ്പിന്റെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കനോലി പ്ലോട്ട് മാറി. ആഘോഷദിവസങ്ങളിൽ അരലക്ഷത്തിലധികം വരുമാനം കിട്ടി.
2019 ലെ അതിവർഷത്തിൽ തൂക്കുപാലം തകർന്നു. ഇതോടെ ചാലിയാറിനക്കരെയുള്ള ചരിത്ര തോട്ടത്തിലേക്കുള്ള പ്രവേശനം സാധ്യമാകാതെ വന്നു. ചാലിയാർ പഞ്ചായത്ത് വഴി തോട്ടത്തിലേക്ക് സന്ദർശകർക്കായി ജീപ്പ് സർവിസ് ആരംഭിച്ചെങ്കിലും നിർത്തിവെച്ചു. സഞ്ചാരികൾക്കായി ചാലിയാറിൽ ജങ്കാർ സർവിസ് തുടങ്ങിയെങ്കിലും താനൂർ ബോട്ട് അപകടത്തോടെ നിർത്തിവെച്ചു.
കനോലി ടൂറിസം കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിലെത്തി. 2022 ആഗസ്റ്റിൽ തകർന്ന തൂക്കുപാലം പുനർനിർമാണം ആരംഭിച്ചു. 2.35 കോടിക്ക് പ്രവൃത്തി ഏറ്റെടുത്ത സിൽക്ക് മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ടെങ്കിലും വൈകാതെ നിലച്ചു. രണ്ടുഭാഗത്തും തൂണുകളുടെ നിർമാണം മാത്രമാണ് പൂർത്തിയാക്കിയത്. സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ വനം വകുപ്പിന് കോടികളുടെ വരുമാനം നഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.