കുഴൽമന്ദം (പാലക്കാട്): ജാതി മാറി വിവാഹം കഴിച്ചതിനെത്തുടർന്നുള്ള വൈരാഗ്യത്താൽ യുവാവിനെ വെട്ടിക്കൊന്ന ഭാര്യയുടെ പിതാവും അമ്മാവനും അറസ്റ്റിൽ. തേങ്കുറുശ്ശി ഇലമന്ദം കൊല്ലത്തറയിൽ ആറുമുഖെൻറ മകൻ അനീഷിനെ (അപ്പു-27) വധിച്ച കേസിലാണ് ഭാര്യാപിതാവ് ഇലമന്ദം കുമ്മാണി പ്രഭുകുമാർ (43), ഭാര്യയുടെ അമ്മാവൻ സുരേഷ് (45) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
ജാതിയിലും സമ്പത്തിലും താഴ്ന്ന അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസിെൻറ പ്രാഥമിക റിപ്പോർട്ട്. കൊല്ല സമുദായക്കാരനായ അനീഷും തമിഴ് പിള്ള സമുദായത്തിൽപ്പെട്ട പ്രഭുകുമാറിെൻറ മകൾ ഹരിതയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മൂന്നുമാസംമുമ്പാണ് ഇരുവരും വിവാഹിതരായത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിന് സമീപത്ത് വെച്ചാണ് അനീഷിനെ വെട്ടിക്കൊന്നത്. സഹോദരൻ അരുൺ കടയിലേക്ക് പോയ സമയത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന അനീഷിനെ പ്രഭുകുമാറും സുരേഷും ചേർന്ന് തലക്കും കാലിലും വയറ്റിലും വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച അരുണിനെ വാൾ വീശി ഭീഷണിെപ്പടുത്തിയ പ്രതികൾ തുടർന്ന് ബൈക്കിൽ രക്ഷപ്പെട്ടു. രക്തം വാർന്ന് അര മണിക്കൂർ റോഡിൽ കിടന്ന അനീഷിനെ ഓട്ടോയിൽ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ സുരേഷ്കുമാറിനെ ബന്ധുവീട്ടിൽ െവച്ചും പ്രഭുകുമാറിനെ കോയമ്പത്തൂർ ഗാന്ധിനഗറിൽനിന്നുമാണ് പിടികൂടിയത്. കൂടുതൽ ആളുകളുടെ പങ്കാളിത്തമുണ്ടോയെന്നന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.