കോഴിക്കോട്: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളില്ലാത്താതിനാൽ ആറ് ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വൈകുന്നു. ഇതുകാരണം ഓട്ടിസം, പഠനവൈകല്യം, ബുദ്ധിമാന്ദ്യം, ക്രോണിക് ന്യൂറോളജിക്കൽ കണ്ടീഷൻസ്, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മെന്റൽ ഇൽനസ് എന്നീ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്.
മെന്റൽ ഹെൽത്ത് കെയർ ആക്ട്, ആർ.പി.ഡബ്ല്യു.ഡി ആക്ട് എന്നിവ അനുസരിച്ച് ആറ് ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അടക്കമുള്ള മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണം.മാസത്തിൽ ഒരു തവണയാണ് ജില്ല തലത്തിൽ മെഡിക്കൽ ബോർഡുകൾ ചേരുക. ഇതിൽ തീർപ്പാക്കാൻ കഴിയുന്നതിലും കൂടുതൽ അപേക്ഷകളാണ് ഓരോ ജില്ലകളിലും ലഭിക്കുന്നത്. അതിനാൽ എല്ലാ ജില്ലകളിലും സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.
പഠനവൈകല്യം, ഓട്ടിസം തുടങ്ങിയവയുള്ള കുട്ടികൾക്ക് 10ാം ക്ലാസ് പരീക്ഷ എഴുതാൻ സ്ക്രൈബിനെ അനുവദിച്ചുകിട്ടാൻ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പല സ്ഥലങ്ങളിലും ഇത് സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ എണ്ണം വളരെ പരിമിതമാണ്. ആരോഗ്യ വകുപ്പിന് കീഴിൽ 17ഉം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അഞ്ച് തസ്തികകളുമാണുള്ളത്. കൊല്ലം, വയനാട്, ഇടുക്കി ജില്ലകളിൽ സർക്കാർ മേഖലയിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തിക പോലുമില്ല. ഈ ജില്ലകളിലുള്ളവർ സർട്ടിഫിക്കറ്റിന് സമീപ ജില്ലകളിലെ മെഡിക്കൽ ബോർഡിനു മുമ്പാകെ ഹാജരാകണം.
ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ലഭ്യത കുറവ് പരിഹരിക്കാൻ ജില്ല അടിസ്ഥാനത്തിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ പാനൽ ഉണ്ടാക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം നൽകിയെങ്കിലും പല ജില്ലകളിലും അത് നടപ്പാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.