തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തില്‍ റവന്യൂ വകുപ്പ് ലാൻഡ് റവന്യൂ ജോയന്റ് കമീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യൂ മന്ത്രി കെ. രാജനാണ് വെള്ളിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ‘തെറ്റ് പറ്റിയെന്ന്’ നവീൻ ബാബു പറഞ്ഞതായുള്ള കലക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്.
പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. റിപ്പോർട്ട് നേരത്തെ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കു ബിസ്വാളും തുടർന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും പരിശോധിച്ചിരുന്നു. ഇതോടെ കലക്ടർ പൊലീസിന് നൽകിയ മൊഴി സംബന്ധിച്ച് പുറത്തുവന്ന ആശയക്കുഴപ്പം ഒഴിയുകയാണ്. എന്നാൽ ഒക്ടോബർ 24ന് ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ സർക്കാറിന് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കലെത്താൻ ഒരാഴ്ചയിലേറെ കാലവിളമ്പം വന്നതിൽ ദുരൂഹത ഉണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
മാത്രമല്ല, റവന്യൂ മന്ത്രി മാധ്യമങ്ങളോട് കഴിഞ്ഞദിവസം പ്രതികരിച്ചതിലും നവീൻ ബാബു കലക്ടറോട് ഇത്തരമൊരു പരാമർശം നടത്തിയതായി റിപ്പോർട്ടിൽ സൂചനയില്ലെന്നാണ് വ്യക്തമാക്കിയത്. നവീൻ ബാബുവിന്റെ കുടുംബവും കലക്ടറുടെ മൊഴി തള്ളുകയുണ്ടായി. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നിൽക്കുന്ന കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിന്റായിരുന്ന പി.പി. ദിവ്യയെ രക്ഷിക്കാനാണ് കലക്ടർ ഇത്തരമൊരു മൊഴി നൽകിയതെന്നാണ് ഉയർന്നുവന്ന ആരോപണം.
ചീഫ് സ്വെകട്ടറി പരിശോധിച്ച് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലും എ.ഡി.എം നവീൻ ബാബുവിന് റവന്യൂ വകുപ്പിന്റെ ക്ലീൻചിറ്റാണ് നൽകിയിരിക്കുന്നത്. പെട്രോൾ പമ്പ് അനുവദിക്കുന്നതിൽ എ.ഡി.എം കെ. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ ആരോപണത്തിൽ ഒരുവിധ തെളിവുമില്ലെന്നാണ് റിപ്പോർട്ട്. പമ്പിന് എൻ.ഒ.സി നൽകുന്നതിന് നവീൻ ബാബു നിയമപരമായി മാത്രമാണ് പ്രവർത്തിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വന്തം നാടായ പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ച സംഭവം ഉണ്ടായത്. അതിന്റെ വിഡിയോ ദൃശ്യം വ്യാപകമായി പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.