എ.ഡി.ജി.പിയെ ചുമതലയിൽ നിലനിർത്തിക്കൊണ്ടുള്ള അന്വേഷണത്തിന് ഔചിത്യമില്ല -കെ.ഇ. ഇസ്മായിൽ

പാലക്കാട്: ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ചുമതലയിൽ നിലനിർത്തിക്കൊണ്ടുള്ള അന്വേഷണത്തിന് ഔചിത്യമില്ലെന്ന് സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായിൽ. ഇത് പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷത്തെ സി.പി.ഐ അടക്കമുള്ള കക്ഷികളും ആവശ്യപ്പെടുന്ന കാര്യമാണ്. സി.പി.എമ്മിനകത്തെ ഒരുവിഭാഗത്തിന്‍റെ അഭിപ്രായവും അതുതന്നെയാണ് -അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. ആർ.എസ്.എസിന്‍റെ മുഖ്യശത്രു കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കുകയാണ് ആർ.എസ്.എസിന്‍റെ ഭരണഘടനയിൽ പറയുന്ന മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. കമ്യൂണിസ്റ്റ് സർക്കാറിലെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥൻ ആർ.എസ്.എസിന്‍റെ ഉന്നത നേതാക്കളെ കാണുന്നതിൽ ഒരു ഗൗരവവുമില്ല എന്നത് അത്ഭുതകരമായിട്ടാണ് എനിക്ക് തോന്നിയത് -ഇസ്മായിൽ പറഞ്ഞു.

കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെന്ന് ജനങ്ങൾ സംശയിക്കുന്നതിൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിട്ടുള്ള അന്വേഷണമാണ് വേണ്ടത്. അന്വേഷണ റിപ്പോർട്ടിന് ശേഷം അദ്ദേഹം കുറ്റക്കാരനല്ലെങ്കിൽ തിരികെ കൊണ്ടുവരുന്നതിനും വിരോധമില്ല. അജിത് കുമാറിനെ മാറ്റിനിർത്താത്തത് എൽ.ഡി.എഫ് സർക്കാറിന്‍റെ കുറ്റകരമായ അനാസ്ഥ തന്നെയാണ് -ഇസ്മായിൽ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.