തൊടുപുഴ: കാലവർഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ കെ.എസ്.ഇ.ബിക്ക് കീഴിലുള്ള അണക്കെട്ടുകളിൽ ശരാശരി 16 ശതമാനം ജലം മാത്രം. കഴിഞ്ഞവർഷം ഇതേസമയം 36 ശതമാനമുണ്ടായിരുന്നു.സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 14.44 ശതമാനം മാത്രമാണ്.
തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2306.60 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 35 അടിയിലേറെ കുറവാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. നേരത്തേ ഈ മാസം ആദ്യം ജലനിരപ്പ് 20 ശതമാനത്തിൽ താഴെ എത്തിയിരുന്നു.
പിന്നീട് മഴ ഇടവിട്ട് എത്തിയെങ്കിലും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. ഇതിന് മുമ്പ് സമാനമായി ജലനിരപ്പ് താഴ്ന്നത് 2019 ജൂണിലാണ്. പ്രളയത്തിന് ശേഷം അന്ന് സംഭരണിയിലെ ജലനിരപ്പ് കുറച്ച് നിർത്തിയതായിരുന്നു അതിന് കാരണം. കാലവർഷത്തിൽ ഇതുവരെ 70 ശതമാനം മഴയുടെ കുറവാണ് ജില്ലയിലുള്ളത്. 813.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 242.2 മില്ലി മീറ്റർ മഴ മാത്രമാണ് ജില്ലയിൽ ലഭിച്ചത്.ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ് (ശതമാനത്തിൽ) ഇടുക്കി- 14.4, കുണ്ടള- 33, മാട്ടുപ്പെട്ടി- 37, പൊന്മുടി- 13.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.