കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 59ാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ രംഗത്തെ അപചയം തിരുത്താൻ അകത്ത് സംവിധാനം വേണം -മുഖ്യമന്ത്രി

കണ്ണൂര്‍: മാധ്യമ രംഗത്തെ അപചയം തിരുത്താൻ അതിനകത്തുതന്നെ സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 59ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾ ‘കാവൽ നായ്‌ക്കൾ’ എന്നതിൽനിന്ന് ‘മടിയിലിരിക്കുന്ന നായ്‌ക്കൾ’ ആയെന്ന്‌ ഈയിടെ ഒരു ദേശീയ ചാനൽ അവതാരകൻ പറഞ്ഞത് കേട്ടു. ഇങ്ങനെ ആരുടെയെങ്കിലും മടിയിൽ കഴിയുന്നുണ്ടെങ്കിൽ തിരുത്തപ്പെടേണ്ടതുണ്ട്. അധികാരികളുടെയും കോർപറേറ്റുകളുടെയും മടിയിലിരുന്ന്‌ നിർഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനം സാധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ വിശ്വാസ്യതയിൽ വൻ ഇടിവുണ്ടായി എന്നാണ് ഈയിടെ നടന്ന പഠനം. അങ്ങ്‌ വടക്കോട്ടുപോയാൽ സ്ഥിതി വളരെ മോശമാണ്‌. ഇക്കാര്യത്തിൽ കേരളം വേറിട്ടുനിൽക്കുകയാണ്‌. മാധ്യമങ്ങളുമായും മാധ്യമ പ്രവർത്തകരുമായും ആരോഗ്യകരമായ ബന്ധം തുടരാൻ സർക്കാർ ആഗ്രഹിക്കുന്നു. ഇത്‌ സർക്കാർ പിന്തുണക്ക്‌ വേണ്ടിയുള്ള അഭ്യർഥനയല്ല. നാടിന്റെ ഭാവിക്കുവേണ്ടി ഒന്നിച്ചുനിൽക്കാൻ പറയുന്നതാണ്. സർക്കാറിന്റെ വീഴ്‌ച ചൂണ്ടിക്കാട്ടുന്നതിൽ ഒരു പരാതിയുമില്ല. പക്ഷേ, സാധാരണ വിമർശന രീതിയാണോ അധിക്ഷേപ രീതിയാണോ ചെയ്യുന്നതെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പത്രപ്രവര്‍ത്തക യൂനിയന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടെ ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ എം.പിയും ട്രേഡ് യൂനിയനിസ്റ്റുമായ അഡ്വ. തമ്പാന്‍ തോമസിനെ സമ്മേളനത്തിൽ ആദരിച്ചു.

നവനീതം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത അധ്യക്ഷത വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ സംസാരിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ബാബു സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.വിജേഷ് നന്ദിയും പറഞ്ഞു.

രാവിലെ പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു റിപ്പോര്‍ട്ടും ട്രഷറര്‍ സുരേഷ് വെള്ളിമംഗലം കണക്കും അവതരിപ്പിച്ചു. സെക്രട്ടറി പി.ആര്‍. റിസിയ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ എം. ഷജില്‍കുമാര്‍, സീമ മോഹന്‍ലാല്‍, ആര്‍. ജയപ്രസാദ്, അഞ്ജന ശശി, സംഘാടക സമിതി ചെയര്‍മാന്‍ സിജി ഉലഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - There should be an internal mechanism to correct the corruption in the media - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.