തിരുവനന്തപുരം: ബഹളത്തിൽ മുങ്ങി നടപടികൾ അവസാനിപ്പിച്ച് നിയമസഭ തിങ്കളാഴ്ച പിരിഞ്ഞതോടെ ചർച്ച കൂടാതെ നാല് ബില്ലുകൾ ഒരുമിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 2022ലെ 'കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും' എന്ന സർവകലാശാല ഭേദഗതി ബിൽ, 2022ലെ കേരള ഹൈകോടതി സർവിസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ, 2022ലെ കേരള കശുവണ്ടി ഫാക്ടറികൾ (വിലക്കെടുക്കൽ) ഭേദഗതി ബിൽ, 2022ലെ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഭേദഗതി ബിൽ എന്നിവയാണ് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.
അധ്യാപക- അധ്യാപകേതര ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും നിയമനങ്ങളിൽ പട്ടികജാതി- ഗോത്ര വർഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകാനാണ് കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും എന്ന സർവകലാശാല ഭേദഗതി ബിൽ കൊണ്ടുവന്നത്.
നേരത്തേ സംവരണനഷ്ടം ഒഴിവാക്കാനായി മറ്റ് സർവകലാശാലകളിൽ വ്യവസ്ഥയുണ്ടായിരുന്നു. സർക്കാർ നിയമനങ്ങൾക്കുള്ള എല്ലാ സംവരണ ചട്ടങ്ങളും ബാധകമാക്കി ഏകീകൃത വ്യവസ്ഥ വെറ്ററിനറി സർവകലാശാലയിലും കൊണ്ടുവരും. അതിന് 2010ലെയും 2014ലെയും നിയമമാണ് ഭേദഗതി ചെയ്യുക. നിയമനങ്ങളിൽ സർക്കാർ സംവരണം തന്നെയാണ് ഇവിടെയും ബാധകം.
എങ്കിലും ഓരോ വകുപ്പിലേക്കും പ്രത്യേകം നിയമനം എന്ന രീതിയിൽ നടക്കുന്നതിനാൽ, ഒഴിവുകളുടെ എണ്ണം കുറവാണെങ്കിൽ അത് താഴെത്തട്ടിലുള്ളവർക്ക് കിട്ടാത്ത അവസ്ഥയാണ് സംഭവിച്ചിരുന്നത്. അതൊഴിവാക്കി എല്ലാ ഒഴിവുകളും ഒരു ബ്ലോക്കായി കണക്കാക്കി നിയമനരീതി പരിഷ്കരിക്കുകയാണ് ഈ ഭേദഗതിയിലൂടെ ചെയ്യുക.
ഹൈകോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം സർക്കാർ സർവിസിലേതുപോലെ 56 ഉം 60 ഉം വയസ്സാക്കി നിജപ്പെടുന്നതിലേക്ക് 2008 ലെ വകുപ്പ് ഭേദഗതി ചെയ്യുന്നതിനായാണ് കേരള ഹൈകോടതി സർവിസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ സഭയിൽ കൊണ്ടുവന്നത്.
കശുവണ്ടി വികസന കോർപറേഷൻ ഏറ്റെടുത്ത 20 കശുവണ്ടി ഫാക്ടറികളിൽ ഉൾപ്പെട്ട 34.5 സെന്‍റ് സ്ഥലം ഇരവിപുരം ഫാക്ടറിക്ക് അനിവാര്യമെന്ന് കണ്ടെത്തി. സുമതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉൾപ്പെടുത്തുന്നതിനായാണ് കേരള കശുവണ്ടി ഫാക്ടറികൾ (വിലക്കെടുക്കൽ) ഭേദഗതി ബിൽ കൊണ്ടുവന്നത്.
കുഷ്ഠരോഗം, കേൾവിക്കുറവ്, സംസാരശേഷിക്കുറവ് എന്നിവ ബാധിച്ചവർ അയോഗ്യരല്ലെന്നും അവർക്ക് ബോർഡിലെ അംഗമായി നിയമിക്കപ്പെടുന്നതിനും തുടരുന്നതിനും തടസ്സമില്ലെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൽ ബാധകമാക്കാനാണ് ഇതു സംബന്ധിച്ച് ഭേദഗതി ബിൽ സഭയിൽ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.