തിരുവനന്തപുരം: മണ്ണ് മാഫിയയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ലം സി.ഐ സുരേഷ് വി. നായരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പിടിച്ചെടുത്ത വാഹനങ്ങൾ അമ്പലത്തറ, കമലേശ്വരം, തിരുവല്ലം ഭാഗങ്ങളിലുള്ള മണ്ണ് മാഫിയയിൽനിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങി വിട്ടുകൊടുക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാർ കസ്റ്റഡിയിൽ മരിച്ച സംഭവത്തിലും സി.ഐ ആരോപണവിധേയനായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഐമാരെയും ഗ്രേഡ് എസ്.ഐെയയും സസ്പെൻഡ് ചെയ്യുകയും സി.ഐ സുരേഷ് വി. നായർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് തിരുവല്ലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ശക്തമായത്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന സ്റ്റേഷനുകളിലൊന്നാണ് തിരുവല്ലമെന്നാണ് സ്പെഷൽബ്രാഞ്ച് റിപ്പോർട്ടിലുള്ളത്. സി.ഐ ഉൾപ്പെടെ ചില ഉദ്യോഗസ്ഥർ മണ്ണ് മാഫിയയിൽനിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്നും അതിനായി ഏജന്‍റുമാർ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു കണ്ടെത്തൽ. സി.ഐയുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റവും മോശമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സി.ഐക്ക് കൈക്കൂലി നൽകാത്ത വാഹനങ്ങൾ ദിവസങ്ങളോളം സ്റ്റേഷനിൽ പിടിച്ചിടുകയും കൈക്കൂലി നൽകുകയാണെങ്കിൽ ചെറിയ തുക പിഴ ഈടാക്കി വാഹനം വിട്ടയക്കുകയാണ്.
നേരേത്ത ഇതുസംബന്ധിച്ച പരാതികൾ ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. തിരുവല്ലം സ്റ്റേഷൻ പരിധിയിൽ നിത്യേന കുറഞ്ഞത് 40 ലോറികൾ മണ്ണിടിച്ച് കടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഒരു ലോറിയിൽനിന്ന് കുറഞ്ഞത് 10,000 രൂപ വീതം കൈക്കൂലി വാങ്ങുന്നതായാണ് വിവരം. സുരേഷ് വി. നായർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്നും ഉചിതമായ തുടർനടപടികൾ കൈക്കൊള്ളുമെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.