തിരുവനന്തപുരം: മകളുടെ ചികിത്സക്കായി ബാലരാമപുരത്ത് നിന്നെത്തിയതാണ് ബിനുകുമാർ. ഡോക്ടർ കുറിപ്പടിയിലെഴുതിയത് ഒമ്പത് മരുന്നുകൾ. ജനറൽ ആശുപത്രി ഫാർമസിയിലുള്ളതാകട്ടെ പാരസെറ്റാമോളടക്കം മൂന്നെണ്ണം മാത്രം. ശേഷിക്കുന്ന ആറും പുറത്തുനിന്ന് വാങ്ങണം. വിലചോദിച്ചപ്പോൾ 850 രൂപ. എന്തുചെയ്യണമെന്നറിയാതെ വീണ്ടും ഡോക്ടറെ കാണാലേ നിവർത്തിയുണ്ടായിരുന്നുള്ളൂ. ഇത് ജനറൽ ആശുപത്രിയിലെ ഒറ്റപ്പെട്ട സംഭവമല്ല. ആരോഗ്യമന്ത്രി എല്ലാം ഭദ്രമാണെന്ന് അവകാശപ്പെടുമ്പോഴും മരുന്നുക്ഷാമത്തിൽ നട്ടം തിരിയുകയാണ് രോഗികൾ. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടാണ്. ആരോട് പരാതി പറയണമെന്നും അറിയില്ല. പരിശോധന കഴിഞ്ഞ് ഡോക്ടർമാർ നൽകുന്ന മരുന്നിന്റെ കുറിപ്പടിയുമായി നെട്ടോട്ടമോടുകയാണ് കൂട്ടിരിപ്പുകാർ. ഓർഡർ ചെയ്ത മരുന്നുകൾ സമയബന്ധിതമായി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
ഒ.പിയിൽ ടിക്കറ്റ് കിട്ടണമെങ്കിൽ അതിരാവിലെയെത്തി മണിക്കൂറുകൾ വരി നിൽക്കണം. ഇത്തരത്തിൽ രോഗം തീർക്കുന്ന അവശതക്കൊപ്പം ക്യൂ നിന്ന് തളർന്നെത്തുന്നവരുടെ തലയിലാണ് മരുന്നുക്ഷാമത്തിന്റെ ഇരട്ടി പ്രഹരം. മെഡിക്കൽ കോളജിലെയും എസ്.എ.ടിയിലെയുമെല്ലാം സ്ഥതി വ്യത്യസ്തമല്ല. കാരുണ്യപ്രകാരം മരുന്ന് സൗജന്യമാണെങ്കിലും ഇതിനുള്ള സീൽ വെയ്ക്കലും ഫോട്ടോ കോപ്പിയെടുക്കലുമെല്ലാം പിന്നിട്ട് മെഡിക്കൽ കോളജിനുള്ളിൽ ഫാർമസികൾ തോറും നെട്ടോട്ടമോടാനാണ് വിധി. സ്റ്റോക്കില്ലെന്ന മറുപടിയാണ് എല്ലായിടത്തും. ഒടുവിൽ ഓടിത്തളർന്ന് പുറത്തെ മെഡിക്കൽ ഷോപ്പുകളിലെത്തി പണം കൊടുത്തു മരുന്നു വാങ്ങലേ നിർവാഹമുള്ളൂ.
ജീവിതശൈലി രോഗങ്ങൾക്കമുള്ള മരുന്നുകൾ ഒരു മാസത്തേക്കും വരെ നൽകുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, സ്റ്റോക്ക് കുറഞ്ഞ സാഹചര്യത്തിൽ കുറഞ്ഞ ദിവസത്തേക്കുള്ള മരുന്നുകളാണ് പലയിടങ്ങളിലും ഇപ്പോൾ നൽകുന്നത്. പനിക്കും ചുമക്കുമുള്ള മരുന്നുകൾക്ക് മുതൽ പ്രമേഹ-ഹൃദ്രോഗ-രക്തസമ്മർദ മരുന്നുകൾക്ക് വരെ ക്ഷാമം നേരിടുന്ന ആശുപത്രികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.