കണ്ണൂർ: ചുരുളഴിയാത്ത കുറ്റകൃത്യങ്ങളിലെ പ്രതികളെ പിടികൂടിയ പൊലീസ് കഥയിലെ പോലെ ക്രിമിനൽ സംഘത്തിലും ഇതാ ഒരു കണ്ണൂർ സ്ക്വാഡ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈകോടതി ശിക്ഷിച്ച പ്രതികളിൽ ബഹുഭൂരിപക്ഷം പേരും കണ്ണൂർ ജില്ലയിൽനിന്നുള്ളവർ. ‘ഓപറേഷൻ’ കോഴിക്കോട് ആണെങ്കിലും നടപ്പാക്കിയവരിലേറെയും കണ്ണൂരുകാർ.
ഗൂഢാലോചന നടത്തിയ സി.പി.എം പ്രാദേശിക നേതാക്കളും കൊല നടത്തിയ ഗുണ്ടകളും അടങ്ങുന്ന ക്രിമിനൽ സംഘമാണ് ഈ സ്ക്വാഡ് അംഗങ്ങൾ. കോഴിക്കോട് ജില്ലയുടെ അതിർത്തി പങ്കിടുന്ന പാനൂർ, ചൊക്ലി പ്രദേശത്തുനിന്നുള്ളവരാണ് പ്രതികളിലേറെയും.
കണ്ണൂർ കഴിഞ്ഞാൽ മാഹി സ്വദേശികൾക്കാണ് പ്രതിപ്പട്ടികയിൽ രണ്ടാം സ്ഥാനം. 14 പ്രതികളിൽ കെ.സി. രാമചന്ദ്രനും കെ.കെ. കൃഷ്ണനും മാത്രമാണ് കോഴിക്കോട്ടുകാർ.
ഒന്നാം പ്രതി എം.സി. അനൂപ് കണ്ണൂർ പാനൂർ ചെണ്ടയാട് സ്വദേശിയാണ്. ടി.പിയെ ഇടിച്ചുവീഴ്ത്തിയ ഇന്നോവ ഓടിച്ചയാൾ. മുമ്പ് ആർ.എസ്.എസിൽ പ്രവർത്തിച്ച ഇയാൾ ഗൂഢാലോചനയിലും പങ്കാളിയാണ്. മൂന്നാം പ്രതി കൊടി സുനിയും കണ്ണൂരുകാരൻ. ചൊക്ലി നെടുമ്പറം സ്വദേശിയായ ഇയാൾ മുമ്പ് ആർ.എസ്.എസിൽ പ്രവർത്തിച്ചു. നാലാം പ്രതി ടി.കെ. രജീഷ് കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശിയാണ്.
വിദ്യാർഥി കാലം തൊട്ടേ ക്രിമിനൽ സംഘത്തിലുണ്ട്. അഞ്ചാം പ്രതി മുഹമ്മദ് ഷാഫി ചൊക്ലി സ്വദേശി. പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുന്നയാളെന്നാണ് കുറ്റപത്രത്തിലുള്ളത്. ആറാം പ്രതി അണ്ണൻ സിജിത്ത് പാനൂർ ചമ്പാട് അരയാക്കൂൽ സ്വദേശി. കൊലപാതകമടക്കം ഒട്ടേറെ കേസുകളുള്ള ക്വട്ടേഷൻ സംഘാംഗം.
11ാം പ്രതി ട്രൗസർ മനോജൻ പാനൂരിനടുത്ത ചെറുപ്പറമ്പ് കൊളവല്ലൂർ സ്വദേശിയാണ്. 13ാം പ്രതി അന്തരിച്ച പി.കെ. കുഞ്ഞനന്തനും പാനൂർ സ്വദേശി. 31ാം പ്രതി ലംബു പ്രദീപനും ചൊക്ലി സ്വദേശി. ഇന്നോവയിലെത്തിയ പ്രതികളുടെ വാൾ ഒളിപ്പിച്ചെന്നാണ് കുറ്റം. വിചാരണക്കോടതി വെറുതെ വിട്ടശേഷം ഹൈകോടതി പ്രതികളാക്കിയ 12ാം പ്രതി ജ്യോതിബാബുവും ചൊക്ലി സ്വദേശി. ഗൂഢാലോചനയിൽ പങ്കെടുത്ത ഇയാൾ സി.പി.എമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റിയംഗമാണ്.
രണ്ടാം പ്രതി കിർമാണി മനോജ് മാഹി പന്തക്കൽ സ്വദേശിയാണെങ്കിലും പ്രവർത്തന മേഖല കണ്ണൂർ. കൊല നടക്കുന്ന വേളയിൽ തന്നെ പള്ളൂർ സ്റ്റേഷനിൽ 15ലേറെ ക്രിമിനൽ കേസിൽ പ്രതി. ഏഴാം പ്രതി കെ. ഷിനോജും മാഹി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.