കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവിസിന്‍റെ ചുമതല സൗദി എയർലൈൻസിന്. ഹജ്ജ് സർവിസിനായി ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാനകമ്പനികളിൽ നിന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം നേരത്തെ ടെൻഡർ ക്ഷണിച്ചിരുന്നു. ചൊവ്വാഴ്ചയായിരുന്നു അവസാന തീയതി.
രണ്ട് വർഷത്തിന് ശേഷമാണ് ഇക്കുറി ഹജ്ജ് സർവിസ്. 2019ൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സൗദിയയും കൊച്ചിയിൽ എയർ ഇന്ത്യയുമായിരുന്നു സർവിസ് നടത്തിയത്. കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവിസ് ഇക്കുറി കൊച്ചി വിമാനത്താവളത്തിൽ നിന്നാണ്. മേയ് 31 മുതലുള്ള ആദ്യഘട്ടത്തിലാണ് ടെൻഡർ നോട്ടീസിൽ കേരളം ഉൾപ്പെട്ടത്.
ജൂൺ 16 മുതലുള്ള രണ്ടാംഘട്ടത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. അന്തിമ ഷെഡ്യൂൾ വന്നതിന് ശേഷം മാത്രമേ തീയതി വ്യക്തമാകുകയുള്ളൂ. കേരളത്തിന് പുറമെ തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരും നെടുമ്പാശ്ശേരിയിൽ നിന്നാണ് യാത്ര പുറപ്പെടുക. കോവിഡ് പശ്ചാത്തലത്തിൽ പുറപ്പെടൽ കേന്ദ്രം 10 എണ്ണമായി കുറച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് തമിഴ്നാടിന്റെത് കേരളത്തിലേക്ക് മാറിയത്. കേരളത്തിൽ നിന്ന് 5274 പേർക്കാണ് ഇക്കുറി അവസരം ലഭിച്ചത്. മറ്റുള്ള ഇടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 7800ഓളം തീർഥാടകരെയാണ് നെടുമ്പാശ്ശേരിയിൽ പ്രതീക്ഷിക്കുന്നത്. ദിവസവും ഒന്നിലധികം വിമാനസർവിസുകളുണ്ടായിരിക്കും. 300ലധികം പേർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.