കൊച്ചി: മന്ത്രിസ്ഥാനം കൈവിട്ടുപോകുമെന്ന് ഉറപ്പിച്ച തോമസ് ചാണ്ടി നേതാക്കളോട് സൗഹൃദം മറന്ന് പൊട്ടിത്തെറിച്ചത് പല തവണ. തനിക്കെതിരെ ഉരുണ്ടുകൂടുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് തോമസ് ചാണ്ടി ആദ്യംമുതലേ കണ്ടത്. അവസാനം സ്വന്തം പാർട്ടിയും അടുപ്പമുള്ള നേതാക്കളുംവരെ കൈവിടുന്നു എന്നു തോന്നിയതോടെ അസഹിഷ്ണുത, അടക്കിവെക്കാനാവാത്ത രോഷത്തിന് വഴിമാറി. അടുപ്പക്കാരോടുപോലും ഭീഷണിയുടെയും താക്കീതിെൻറയും സ്വരത്തിലായിരുന്നു സംസാരമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർതന്നെ പറയുന്നു.
കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട കേസുകൾ ഹൈകോടതി പരിഗണിച്ച ചൊവ്വാഴ്ച രാത്രിവരെ തോമസ് ചാണ്ടി കൊച്ചിയിലെ വീട്ടിലുണ്ടായിരുന്നു. അന്നുതന്നെയായിരുന്നു കൊച്ചിയിൽ എൻ.സി.പിയുടെ നേതൃയോഗവും. സംസ്ഥാന ഭാരവാഹിയോഗത്തിനോ നേതൃയോഗത്തിനോ തോമസ് ചാണ്ടി എത്തിയില്ല. പ്രതികരണം തേടാൻ ശ്രമിച്ച മാധ്യമങ്ങളോട് മുഖംതിരിച്ചു.
കോടതിയുടെ കടുത്ത പരാമർശങ്ങൾ വന്നതോടെ അസ്വസ്ഥനായ തോമസ് ചാണ്ടിയെ നേതൃയോഗ തീരുമാനങ്ങൾ രോഷാകുലനാക്കി. യോഗത്തിൽ ഭൂരിഭാഗംപേരും രാജി ആവശ്യപ്പെട്ടതും പൊതുവികാരം പ്രതികൂലമാണെന്നും സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ തന്നെയാണ് വിളിച്ചറിയിച്ചത്. ഇതുകേട്ട് അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നത്രെ. നിങ്ങളെല്ലാംകൂടി എന്നെ സമ്മർദത്തിലാക്കിയാൽ പാർട്ടിയെ ഇതിലും വലിയ സമ്മർദത്തിലാക്കാൻ അറിയാമെന്നായിരുന്നു പ്രതികരണം.
ഒരുഘട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിവരെയുണ്ടായി. തന്നെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ പാർട്ടിയുടെ മുന്നോട്ടുള്ള പോക്ക് അത്ര സുഗമമായിരിക്കില്ലെന്ന തരത്തിലായിരുന്നു തോമസ് ചാണ്ടിയുടെ സംസാരമെന്ന് മുതിർന്ന എൻ.സി.പി നേതാവ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തിനു തിരിക്കുന്നതുവരെ കൊച്ചിയിലുണ്ടായിരുന്നെങ്കിലും ഏതാനും പ്രാദേശിക നേതാക്കളെ മാത്രമാണ് അദ്ദേഹം കാണാൻ കൂട്ടാക്കിയത്.
ചികിത്സാർഥം അടുത്തദിവസംതന്നെ തോമസ് ചാണ്ടി അമേരിക്കയിലേക്ക് പോകുമെന്നാണ് അറിയുന്നത്. ഇടക്ക് ഗതാഗത വകുപ്പിെൻറ ചുമതല മാത്യു ടി. തോമസിനെ ഏൽപ്പിച്ച് അവധിയെടുത്ത് ചികിത്സക്ക് പോകാൻ തീരുമാനിച്ചെങ്കിലും ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുന്നതിനാൽ ഇൗ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.