ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകൾ കഴിഞ്ഞ ദിവസം തിരിച്ചെത്തിയെങ്കിലും ഗുരുതരമായ ക്രമേക്കട് നടന്നതായി സംശയം. ബന്ധപ്പെട്ട റവന്യൂരേഖകൾ ഇല്ലാതെ ഫയലുകൾ തിരികെ ലഭിച്ചതിനു പിന്നിൽ വലിയ തട്ടിപ്പ് നടന്നതായാണ് സൂചന. രേഖകളിൽ നിർബന്ധമായും വേണ്ട വസ്തുവിെൻറ ആധാരം, കരംതീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ ഇപ്പോഴും കാണാമറയത്താണ്. ഇവ ഫയലിൽനിന്ന് കീറിയെടുത്തതായാണ് വ്യക്തമാകുന്നത്. റവന്യൂരേഖകൾ നശിപ്പിച്ച ശേഷമാണ് ഫയലുകൾ കൊണ്ടുെവച്ചതെന്ന സംശയം ബലപ്പെട്ടതോടെ അന്വേഷണം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കാൻ ബുധനാഴ്ച അടിയന്തര നഗരസഭ കൗൺസിൽ യോഗംചേരും.
യോഗത്തിൽ ഫയൽ വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്. ആകെ 34 ഫയലുകളാണ് ഇതുമായി ബന്ധപ്പെട്ട് 1999ൽ തോമസ് ചാണ്ടി നഗരസഭയിൽ സമർപ്പിച്ചിരുന്നത്. മന്ത്രിക്കെതിരെ കൈേയറ്റ ആരോപണം ശക്തമായതോടെ വിവരാവകാശപ്രകാരം നൽകിയ അപേക്ഷക്ക് ബന്ധപ്പെട്ട ഫയലുകൾ കാണാനില്ലെന്ന മറുപടിയാണ് അന്ന് നഗരസഭയിൽനിന്ന് കിട്ടിയത്. ഇതിനിടയിലാണ് തിങ്കളാഴ്ച നാടകീയമായി 18 ഫയലുകൾ തിരികെ ലഭിച്ചത്.
നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഫയലുകൾ മുഴുവൻ പരിശോധിച്ചു. ഓഫിസിലെ അലമാരക്കുള്ളിൽ എങ്ങനെ ഫയലുകൾ തിരികെ എത്തിെയന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. നഗരസഭയുടെ കെട്ടിട നിർമാണ അനുമതി മാത്രമാണ് കണ്ടെത്തിയ ഫയലിലുള്ളത്. ഫയലുകൾ എടുത്തുകൊണ്ടുപോയി റവന്യൂരേഖകൾ നശിപ്പിച്ച ശേഷം തിരികെ കൊണ്ടുെവച്ചതാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
ഇപ്പോൾ ഫയൽ കണ്ടെത്തിയ അലമാരയിൽ മുമ്പ് പരിശോധിച്ചപ്പോഴൊന്നും ഫയൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.18 കെട്ടിടങ്ങളുടെയും പെർമിറ്റ് ഒറ്റക്കെട്ടായാണ് തിരിച്ച് കൊണ്ടുെവച്ചത്. ലഭിച്ച ഫയലുകളിൽനിന്ന് പ്ലാൻ പാസാക്കിയ രേഖകൾ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം സമ്മതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.