നോട്ട് അസാധു; സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കും -തോമസ് ഐസക്

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകൾ  അർധരാത്രി മുതല്‍ അസാധുവാക്കിയ നടപടി കള്ളപ്പണം പുറത്തെത്തിക്കുന്ന  കാര്യത്തില്‍ ചെറിയൊരു അളവു മാത്രമേ ലക്ഷ്യം കാണുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എന്നാൽ കള്ളനോട്ട് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഈ നടപടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.

കള്ളപ്പണത്തിന്റെ സിംഹഭാഗം വരുന്ന വിദേശത്തുള്ള കള്ളപ്പണവും ഭൂമി, സ്വര്‍ണ്ണം, തുടങ്ങിയവയില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണവും വലയിൽപെടില്ല. ഈ ലക്ഷ്യങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സമ്പദ്ഘടനയില്‍ പ്രതികൂലപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതെയും നടപ്പിലാക്കാന്‍ കഴിയുമായിരുന്നുവെന്നുള്ളതാണ് കേരള സര്‍ക്കാരിന്റെ വിമര്‍ശനമെന്നും ഐസക് വ്യക്തമാക്കി.


ഇതിനുമുമ്പ് 1977ല്‍  കറന്‍സി നോട്ടുകള്‍  അസാധുവാക്കിയ സാഹചര്യമല്ല ഇന്നുള്ളത്. കൂടുതല്‍ സാധാരണക്കാര്‍ 500 രൂപയുടെ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. 1977 ലെ ഏതാണ്ട് 20 രൂപയുടെ മൂല്യം മാത്രമാണ് ഇപ്പോള്‍ 500 രൂപയ്ക്കുള്ളത്. ഇതുമൂലം ഇന്നു സ്വീകരിച്ചിരിക്കുന്ന നടപടി ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കും. പരിഭ്രാന്തരാകുന്നതിൽ കാര്യമില്ലെന്നാണ് ജനങ്ങളോട് സംസ്ഥാനസർക്കാരിന് അഭ്യർത്ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നതു തന്നെയാണ് സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍ ഇതിനായി ഇപ്പോള്‍ സ്വീകരിച്ച നടപടി കുറേക്കൂടി ചിട്ടയായും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെയും നടപ്പാക്കാന്‍ കഴിയേണ്ടതായിരുന്നു. ഈ പ്രഖ്യാപനങ്ങളില്‍ ഉടനീളം കണ്ട അതിനാടകീയത തികച്ചും അനാവശ്യമായിരുന്നു. ജനം അല്‍പ്പം പരിഭ്രാന്തിപ്പെട്ടാലും കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ വിലയാണ് ഇത് എന്നൊക്കെയുള്ള നാട്യങ്ങള്‍ക്കൊന്നും വലിയ നിലനില്‍പ്പില്ല.
പഴയ നോട്ടുകള്‍ റദ്ദാക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച സാവകാശം നല്‍കിയിരുന്നുവെങ്കിലും ഇതേ ലക്ഷ്യങ്ങള്‍ ഏതാണ്ട് കൈവരിക്കാന്‍ കഴിയുമായിരുന്നു.


ബാങ്കിങ് റെഗുലേഷനില്‍പ്പെടാത്ത സഹകരണമേഖലയിലുള്ള പണം ഏതു രൂപത്തിലാണു കൈകാര്യം ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് കൃത്യമായ ഒരു ധാരണയും ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ സഹകരണമേഖലയില്‍ ഇത് ഉണ്ടാക്കുന്ന അരാജകത്വം വളരെ വലുതായിരിക്കും. സാധാരണക്കാരെ ഇതു വല്ലാതെ ബാധിക്കുകയും ചെയ്യും. ദൗര്‍ഭാഗ്യവശാല്‍ ട്രഷറിയുടെ നടത്തിപ്പു സംബന്ധിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഐസക് പറഞ്ഞു.

 

 

Tags:    
News Summary - thomas isaac on rupee emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.