കൊച്ചി: തോമസ് കെ. തോമസ് എം.എൽ.എ ഉയർത്തിയ വിമത നീക്കങ്ങൾക്ക് തടയിട്ട് എൻ.സി.പി കേന്ദ്ര നേതൃത്വം. ആലപ്പുഴ ജില്ല പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ മുംബൈയിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയെയും തോമസ് കെ. തോമസിനെയും ഒന്നിച്ചിരുത്തി ദേശീയ അധ്യക്ഷൻ ശരത് പവാറും പ്രഫുൽ പട്ടേലും ചർച്ച ചെയ്തു. സംഘടന കാര്യങ്ങളിൽ സംസ്ഥാന അധ്യക്ഷന്റെ തീരുമാനം അന്തിമമാണെന്നും ഇത് അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വിമത ശബ്ദങ്ങൾ അനുവദിക്കാനാവില്ലെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് പവാർ നൽകിയതെന്നാണ് അറിയുന്നത്.
അതേസമയം, രണ്ടരവർഷം പൂർത്തിയാകുമ്പോൾ സംസ്ഥാന മന്ത്രിസഭയിൽ പ്രതീക്ഷിക്കുന്ന അഴിച്ചുപണിയിൽ പദവി ലക്ഷ്യമിട്ടാണ് തോമസ് കെ. തോമസിന്റെ നീക്കങ്ങളെന്ന വിലയിരുത്തലിലാണ് ചാക്കോയും കൂട്ടരും. മന്ത്രിയാകാനുള്ള താൽപര്യം കുട്ടനാട് എം.എൽ.എയായ തോമസ് കെ. തോമസ് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലയെയും പ്രഫുൽ പട്ടേലിനെയും അറിയിച്ചതായാണ് വിവരം.
തർക്കങ്ങൾമൂലം പാർട്ടി പുനഃസംഘടന സമയത്ത് ആലപ്പുഴ ജില്ലയിൽ മാത്രം പ്രസിഡന്റിനെ നിശ്ചയിക്കാൻ കഴിഞ്ഞിരുന്നില്ല. മേയിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടിവ് മുതിർന്ന നേതാക്കളായ ടി.പി. പീതാംബരൻ, എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എന്നിവരുമായി കൂടിയാലോചിച്ച് ജില്ല പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ചാക്കോയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ നടന്ന കൂടിയാലോചനയിലും ആലപ്പുഴയുടെ കാര്യത്തിൽ താൻ തീരുമാനമെടുത്തുകൊള്ളാമെന്ന നിലപാടാണ് തോമസ് കെ. തോമസ് സ്വീകരിച്ചത്.
എന്നാൽ, ഇത് പരിഗണിക്കാതെ സാദത്ത് ഹമീദിനെ ജില്ല പ്രസിഡന്റായി ചാക്കോ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ എൻ. സന്തോഷ് കുമാറിനെ തോമസ് കെ. തോമസ് സ്വന്തംനിലയിൽ ജില്ല പ്രസിഡന്റായി പ്രഖ്യാപിച്ചതോടെയാണ് തർക്കം മുറുകിയത്. ഇവർ രണ്ടുപേർക്കും പകരം മൂന്നാമനെ പരിഗണിക്കാമെന്ന നിർദേശം തോമസ് കെ. തോമസ് മുന്നോട്ട് വെച്ചപ്പോഴാണ് സംസ്ഥാന അധ്യക്ഷന്റെ തീരുമാനം അംഗീകരിക്കണമെന്ന കർശന നിലപാട് പവാർ സ്വീകരിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് വിട്ട ചാക്കോ എൻ.സി.പി സംസ്ഥാന അധ്യക്ഷനായത്. ആ സമയത്ത് ടി.പി. പീതാംബരന്റെയും ശശീന്ദ്രന്റെയും നേതൃത്വത്തിൽ രണ്ട് ഗ്രൂപ്പുകൾ സജീവമായിരുന്നു. രണ്ടുകൂട്ടരെയും തുല്യ അകലം പാലിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന തന്ത്രമായിരുന്നു ചാക്കോ സ്വീകരിച്ചത്.
പിന്നീട് പീതാംബരൻ നിർജീവമായതോടെ ചാക്കോയും ശശീന്ദ്രനും തമ്മിലുള്ള അകലം കുറയുകയായിരുന്നു. ഇതോടെ താൻ ഒതുക്കപ്പെടുന്നുവെന്ന ചിന്ത തോമസ് കെ. തോമസിൽ ശക്തമാവുകയും ചെയ്തു. ആലപ്പുഴയിൽ വ്യവസായിയായ റെജി ചെറിയാനെ മുന്നിൽനിർത്തി തന്നെ ഇല്ലായ്മ ചെയ്യാനാണ് ചാക്കോ ശ്രമിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
ഇക്കാര്യവും പവാറിനെ ധരിപ്പിച്ചതായാണ് വിവരം. അടുത്ത തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ കുട്ടനാട്ടിൽനിന്ന് ഒഴിവാക്കപ്പെടുമോ എന്ന ആശങ്കയും തോമസ് കെ. തോമസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.