വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാത്തവരുടെ സംസ്കാരചടങ്ങുകൾ പുത്തുമലയിൽ നടക്കുന്നു


ആരെന്നു പോലുമറിയാതെ അവർ മണ്ണിലേക്ക് മടങ്ങി; കുരുന്നു ശരീരഭാഗങ്ങളും തിരിച്ചറിയാത്തവരുടെ കൂട്ടത്തിൽ

കൽപറ്റ: ഒറ്റരാത്രികൊണ്ട് ഭൂപടത്തിൽ നിന്ന് മാഞ്ഞുപോയ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യ ജീവനുകൾക്ക് നാട് ​ഇടനെഞ്ച് പൊട്ടി വിട നൽകി. പ്രത്യേക കോഡുകൾ രേഖപ്പെടുത്തി, കുഞ്ഞുകുഞ്ഞു പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞാണ് ഓരോ ശരീരങ്ങളും കൊണ്ടുവന്നത്. ഇനിയുമൊരു വേദന സഹിക്കാൻ പോലും ത്രാണിയില്ലാത്ത ആ ​ശരീരങ്ങൾ കരുതലോടെ പ്ലാസ്റ്റിക് കവറുകൾ നീക്കി കുഴികളിലേക്ക് ഇറക്കിവെച്ചു. കണ്ടുനിൽക്കുന്നവരുടെ ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നു അത്. തങ്ങളുടെ പ്രിയപ്പെട്ടവരെയാണ് ആ മണ്ണിലടക്കുന്നതെന്ന ഉറച്ച ബോധ്യം അവിടെ കൂടിനിൽക്കുന്നവർക്കുണ്ടായിരുന്നു. പുത്തുമലയിലെ ഹാരിസൺ പ്ലാന്റേഷനിലാണ് അവർക്ക് നിത്യനിദ്രയൊരുക്കിയത്. ആരെന്നു പോലും തിരിച്ചറിയാതെയാണ് ദുരന്തത്തിന്റെ ഏഴാംപക്കം അവർ മണ്ണിലേക്ക് മടങ്ങിയത്. അതിനാൽ തന്നെ എന്നെങ്കിലുമൊരിക്കൽ തിരിച്ചറിയാനെ​ന്നോണം ഡി.എൻ.എ സാംപിൾ നമ്പറുകൾ കുഴിമാടത്തിൽ പ്രത്യേകം രേഖപ്പെടുത്തി വെച്ചിരുന്നു.

 വിവിധ മതങ്ങളിൽ പെട്ടവരും വ്യത്യസ്ത പ്രായങ്ങളിലുള്ളവരും അക്കൂട്ടത്തിലുണ്ട്. കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും പ്രാർഥനകളോടെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. സർവമത പ്രാർഥനയോടെയാണ് ചടങ്ങുകൾ നടന്നത്. അന്ത്യാഞ്ജലിയർപ്പിക്കാൻ മന്ത്രിമാരും ഉണ്ടായിരുന്നു. 16 മൃതദേഹങ്ങളാണ് ആദ്യഘട്ടത്തിൽ സംസ്കരിച്ചത്. പൂർണ രൂപത്തിലുള്ള ശരീരങ്ങളായിരുന്നു അവരെല്ലാവരുമെങ്കിലും ഉറ്റവർക്കു പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലായിരുന്നു.

14 പേരുടെ സംസ്കാരം കൂടി ഉടൻ നടക്കും. കുഞ്ഞുങ്ങളുടെ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളാണ് അക്കൂട്ടത്തിലുള്ളത്. തിരിച്ചറിയാത്ത എട്ടു മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചിരുന്നു.

Tags:    
News Summary - Those who died in the landslide were cremated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.