ആലുവ: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രചരണമാണ് സി.പി.എം നടത്തിയത്. സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരെ യു.എ.പി.എ ചുമത്തി ജയിലിലടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ വേണ്ടി നടത്തിയ ഹീനമായ ശ്രമമാണ്. രണ്ട് ലഘുലേഖകള്‍ കൈവശം വെച്ചതിനാണ് രണ്ട് കുട്ടികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. സര്‍ക്കാറിനെതിരെ സമരം ചെയ്തതിനാണ് വെളുപ്പാന്‍ കാലത്ത് വീട്ടില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റു ചെയ്തത്. മുന്‍ എം.എല്‍.എ ശബരിനാഥിനെതിരെയും ഇതേ തരത്തിലാണ് കേസെടുത്തത്. കോവിഡ് കാലത്ത് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചപ്പോഴും കേസെടുത്തു. ദുരിതാശ്വാസം നിധി നല്‍കാതെ നേരിട്ട് സഹായിക്കുമെന്ന് പറഞ്ഞവര്‍ക്കെതിരെയും കേസെടുത്തു. പക്ഷെ നാട്ടില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസില്ല.
ആരാണ് ചെയ്തതെന്ന് പൊലീസിന് നന്നായി അറിയാം. ആരെല്ലാമാണ് ഷെയര്‍ ചെയ്തതെന്നും പൊലീസിന് അറിയാം. യൂത്ത് ലീഗ് നേതാവിന്‍റെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ടുണ്ടാക്കി പ്രചരിപ്പിച്ചത് സി.പി.എം നേതാക്കളാണ്. വ്യാജ സ്‌കീന്‍ ഷോട്ട് പ്രചരിപ്പിച്ച സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുകയാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണ്? കുറച്ചു ദിവസമായി കണ്ടിട്ട്. ഇതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ? കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ വരെ സാധ്യതയുള്ള വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയാണ് ക്രിമിനലുകള്‍ക്ക് കുടപിടിച്ചു കൊടുക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
സി.പി.എമ്മിന്‍റെ ഉന്നത നേതാക്കളും അവരുടെ കുടുംബവും ഉള്‍പ്പെട്ട വലിയ ഒരു ഗൂഡാലോചന ഇതിന് പിന്നിലുണ്ട്. തെരഞ്ഞെടുപ്പിന്‍റെ അന്നോ അതിന്‍റെ തലേദിവസമോ വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതായിരുന്നു 'കാഫിര്‍' പോസ്റ്റ്. ഇത് കേരളത്തിന്‍റെ മതേതര ബോധ്യത്തിന് കളങ്കം ചാര്‍ത്തിയ സംഭവമാണ്. എന്നിട്ടും സര്‍ക്കാറും മുഖ്യമന്ത്രിയും കുറ്റവാളികളെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി പരസ്യമായാണ് പ്രതികളെ സംരക്ഷിക്കുന്നത്. പൊലീസ് ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ആഭ്യന്തരമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും മുഖ്യമന്ത്രി അറിഞ്ഞില്ല. നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞിട്ടും പത്രത്തില്‍ നിന്നാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് കീഴിലുള്ള പൊലീസ് ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് അറിയുന്നത്. അല്ലാത്ത കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫിസിലെ ഉപജാപക സംഘവും അറിയുന്നുണ്ടല്ലോ? അതേ ഉപജാപക സംഘമാണ് ക്രിമിനലുകളെ സംരക്ഷിക്കുന്നത്.
ഇത് ഉന്നതതലത്തിലുള്ള ഗൂഡാലോചനയാണ്. വിദ്വേഷ പ്രവര്‍ത്തനത്തില്‍ ഗവേഷണം നടത്തുന്ന സംഘപരിവാറിനെ പോലും സി.പി.എം നാണിപ്പിച്ചിരിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഏതറ്റം വരെയുമുള്ള നിയമ പോരാട്ടം യു.ഡി.എഫ് തുടരും. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റാണ് സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിപ്പിച്ചതെന്ന് പൊലീസിന് അറിയാം. അയാളോട് ചോദിച്ചപ്പോള്‍ പറഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. നാണമുണ്ടോ പൊലീസിന്. പൊലീസ് അയാളെ ചോദ്യം ചെയ്യണം. സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയവരെയും പ്രചരിപ്പിച്ചവരെയും ചോദ്യം ചെയ്യണം. ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ചോദ്യം ചെയ്യേണ്ട പൊലീസിന്‍റെ കാലും കൈയും കെട്ടിയിരിക്കുകയാണ്. കേരളത്തിന് അപമാനകരമായ സംഭവത്തില്‍ കേസെടുത്ത് യു.എ.പി.എ ചുമത്തി ജയിലില്‍ അടക്കണം. അല്ലെങ്കില്‍ ഇത് വീണ്ടും ആവര്‍ത്തിക്കും.
ഹൈകോടതി പൊലീസിന്‍റെ ചെവിക്ക് പിടിച്ചതു കൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ പുറത്തുവന്നത്. അല്ലായിരുന്നുവെങ്കില്‍ നിരപരാധിയായ യൂത്ത് ലീഗ് നേതാവ് കാസിം ജയിലില്‍ പോയേനെ. കുറ്റം മുഴുവന്‍ ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും തലയില്‍ കെട്ടിവച്ച് സി.പി.എം വീണ്ടും മതേതര പ്രചരണം തുടര്‍ന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.