കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ 98 ദിവസത്തിനുശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിൽമോചിതനായത് മറ്റൊരു അറസ്റ്റിെൻറ ഭീതി നിലനിൽക്കെ. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും കസ്റ്റംസിനും പിന്നാലെ എൻ.ഐ.എയും അറസ്റ്റ് ചെയ്തേക്കുമോ എന്ന ഭീതിയാണ് പുറത്തിറങ്ങുന്നതുവരെ ശിവശങ്കറിനുണ്ടായിരുന്നത്. കൂടാതെ, സ്വർണക്കടത്ത് കേസിൽ കൂട്ടുപ്രതികളിൽ പ്രധാനികളെയെല്ലാം കസ്റ്റംസ് കൊെഫപോസ പ്രകാരം കരുതൽ തടങ്കലിലാക്കിയ സാഹചര്യത്തിൽ തന്നെയും കുടുക്കുമോ എന്ന ഭീതി ശിവശങ്കറിനുണ്ട്.
കുറ്റകൃത്യം നടന്ന ആദ്യനാളുകൾ മുതൽ കസ്റ്റംസിനും ഇ.ഡിക്കും ഒപ്പം എൻ.ഐ.എയും ശിവശങ്കറിന് പിന്നാലെയുണ്ടായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമായി നൂറ് മണിക്കൂറിലേറെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യം തേടി പ്രത്യേക എൻ.ഐ.എ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, തൽക്കാലം അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന മറുപടിയാണ് അന്ന് കോടതിയിൽ എൻ.ഐ.എ നൽകിയത്. പിന്നീട് പ്രാരംഭ കുറ്റപത്രം സമർപ്പിച്ചപ്പോഴും ശിവശങ്കറിനെക്കുറിച്ച് എൻ.ഐ.എ പരാമർശിച്ചിരുന്നില്ല. എന്നാൽ, ഏതുനിമിഷവും അന്വേഷണം ശിവശങ്കറിനെതിരെ ഉണ്ടായേക്കാമെന്ന സൂചനയാണ് എൻ.ഐ.എ അധികൃതർ നൽകിയിരുന്നത്. ഈ സാഹചര്യത്തിൽ അറസ്റ്റിന് അനുമതി തേടി ഏതുനിമിഷവും എൻ.ഐ.എ കോടതിയെ സമീപിക്കുമോ എന്ന ഭീതി ശിവശങ്കറിനുണ്ടായിരുന്നു. ഡോളർ കടത്തിയ കേസിൽ കസ്റ്റംസ് കസ്റ്റഡി അപേക്ഷ നൽകുമോ എന്ന ഭയവും നിലനിന്നിരുന്നു. കസ്റ്റഡി അപേക്ഷ നൽകിയിരുന്നെങ്കിൽ ജയിൽമോചനം വീണ്ടും നീളുമായിരുന്നു.
ജയിൽ മോചിതനായെങ്കിലും കൊെഫപോസ പ്രകാരമുള്ള അറസ്റ്റും എൻ.ഐ.എയുടെ അറസ്റ്റും ശിവശങ്കറിൽനിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. കേരളത്തിൽ ഇതുവരെ നടന്ന പ്രധാന സ്വർണക്കടത്ത് കേസുകളിലെല്ലാം പ്രധാന പ്രതികളെ കസ്റ്റംസ് കൊെഫപോസ പ്രകാരം കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതിയാണെങ്കിലും കൊെഫപോസ പ്രകാരം കരുതൽ തടങ്കലിലാക്കാൻ കഴിയുമെന്നതും ശിവശങ്കറിന് തലവേദനയാണ്. സ്വർണക്കടത്ത് കേസിൽ പല പ്രതികൾക്കും ജാമ്യം ലഭിച്ചെങ്കിലും കൊെഫപോസ ഉള്ളതിനാൽ ജയിൽമോചിതരാവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ആരോഗ്യസ്ഥിതി പരിഗണിച്ച് തുടർനടപടികളിൽനിന്ന് കസ്റ്റംസ് ഒഴിവാക്കിയാൽ ശിവശങ്കറിന് തുടർ തടങ്കൽ ഭീതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.