പോത്തൻകോട്: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തുന്ന മൂന്നുപേർ പിടിയിൽ. ആര്യനാട് പെരുംകുളം ചക്കിപ്പാറ ലിനിൽരാജ് ഭവനിൽ ഷമീർ (26), വെമ്പായം കട്ടയ്ക്കാൽ പുത്തൻ കെട്ടിയിൽ വീട്ടിൽ ജമീർ (24), നെടുമങ്ങാട് പരിയാരം എ.എസ് ഭവനിൽ അനന്തു (31) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ പൊലീസിനെ മർദിച്ച് രക്ഷപ്പെട്ട ഷമീറിനെ കൂടുതൽ പൊലീസുകാർ പിന്തുടർന്ന് പിടികൂടി.
പോത്തൻകോട്, നെടുമങ്ങാട്, വലിയമല, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൊബൈൽ ടവറിൽ നിന്നാണ് പ്രതികൾ ബാറ്ററി മോഷണം നടത്തിയത്. പ്രതികൾ സഞ്ചരിച്ച പൾസർ ബൈക്കും മോഷ്ടിച്ച ബാറ്ററികളും പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയ ബാറ്ററികൾ വെഞ്ഞാറമൂട്, ഞാണ്ടൂർക്കോണം തുടങ്ങിയ സ്ഥലങ്ങളലെ ആക്രി കടകളിലാണ് വിൽപന നടത്തിയത്. മോഷണ സാധനങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി.
അറസ്റ്റിലായവർ വിവിധ സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. ഇതിൽ ഷമീറിനെ പോത്തൻകോട് പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഇയാൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനെ മർദിച്ചിട്ട് കടന്നു കളഞ്ഞു. പിന്നീട് കൂടുതൽ പൊലീസ് എത്തി പിന്തുടർന്ന് ഇയാളെ നെടുമങ്ങാട് നിന്നും പിടികൂടുകയായിരുന്നു.
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ നെടുമങ്ങാട്, വലിയമല, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുകളിലെ കേസിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.