അഞ്ചാലുംമൂട്: പ്രാക്കുളം ഗോസ്തലക്കാവ് എന്‍.എസ്.എസ് ഹയര്‍ സെക്കൻഡറി സ്‌കൂളിന് കിഴക്കുവശം ഷോക്കേറ്റ് മരിച്ചവർക്ക് നാടിെൻറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് നാടിനെ നടുക്കിയ വൈദ്യുതി അപകടത്തില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞത്. പ്രാക്കുളം സന്തോഷ് ഭവനില്‍ സന്തോഷ് (48), ഭാര്യ റംല (45), സമീപവാസിയായ ശ്യാം ഭവനില്‍ ശ്യാംകുമാര്‍ (45) എന്നിവരാണ് മരിച്ചത്. മൂവരുടെയും മൃതേദഹങ്ങള്‍ ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രാക്കുളത്തെത്തിച്ച് സംസ്‌കരിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചുനടന്ന പൊതുദര്‍ശന ചടങ്ങില്‍ നിരവധിപേര്‍ പെങ്കടുത്തു.
റംലക്കും സന്തോഷിനും മക്കള്‍ അന്ത്യചുംബനം നല്‍കിയത് ഹൃദയഭേദകമായ കാഴ്ചയായി. ഒറ്റനിമിഷം കൊണ്ട് മൂന്ന് പെണ്‍കുട്ടികളാണ് അനാഥരായി മാറിയത്. ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ പകച്ചുനിന്ന കുട്ടികളെ സഹായിക്കാന്‍ പഞ്ചായത്ത് അധികൃതരും നാട്ടുകാരും മുന്നോട്ടുവന്നു. ശ്യാംകുമാറിെൻറ മൃതദേഹത്തിനരുകില്‍ പൊട്ടിക്കരയുന്ന ഭാര്യ പ്രസീതയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല.
ശ്യാംകുമാറിെൻറ മൃതദേഹമാണ് ആദ്യം സംസ്‌കരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകള്‍. സന്തോഷിെൻറയും റംലയുടെയും മൃതദേഹം സന്തോഷിെൻറ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വന്മള ചാപ്രാവിള ശ്മശാനത്തില്‍ ഉച്ചക്ക് രണ്ടോടെ സംസ്കരിച്ചു. എം. മുകേഷ് എം.എല്‍.എ, ജില്ല പഞ്ചായത്തംഗം ബി. ജയന്തി, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കെ.എസ്. ഇ.ബി എക്സി. എന്‍ജിനീയര്‍, പെരിനാട് ഇലക്ട്രിക്കല്‍ സെഷനിലെ എ.എസ്.പി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. എ.സി.പി ടി.ബി. വിജയന്‍ സംഭവദിവസം രാത്രി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
പെണ്‍കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും അതിനുള്ള ഒരുസംവിധാനങ്ങളും മൂന്ന് പെണ്‍കുട്ടികള്‍ക്കും ശ്യാംകുമാറിെൻറ രണ്ട് ആണ്‍മക്കള്‍ക്കും ലഭിച്ചിരുന്നില്ല. അഞ്ച് കുട്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുവാന്‍ ബുധനാഴ്ച അടിന്തര പഞ്ചായത്ത് കമ്മിറ്റി ചേരുമെന്ന് തൃക്കരുവ പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.