വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണംവിട്ട ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. ലോറി ഡ്രൈവർ ചാലക്കുടി അലമറ്റംകുണ്ട് ചൂളക്കൽ ഉണ്ണികൃഷ്ണൻ (55), ലോറി ഉടമ ചാലക്കുടി വടക്കുഞ്ചേരി ഐനിക്കാടൻ ജോർജിന്‍റെ മകൻ അരുൺ ജോർജ് (28), മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങയിലെ ചിറ്റലാടിമേലു വീട്ടിൽ ശരത് (29) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം.
നാസിക്കിൽനിന്ന് സവാളയുമായി ആലുവയിലേക്ക് പോവുകയായിരുന്ന ലോറി വട്ടപ്പാറ കൊടുംവളവിൽ നിയന്ത്രണംവിട്ട് സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ച മൂന്നുപേരും ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ കാബിൻ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉടൻ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരൂർ ഡിവൈ.എസ്.പി ബിജുവിന്‍റെ നിർദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്‍റെ നേതൃത്വത്തിൽ വളാഞ്ചേരി, കുറ്റിപ്പുറം, കാടാമ്പുഴ സ്റ്റേഷനിലെ പൊലീസുകാരും തിരൂർ, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. വളാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അയച്ചു.
മരിച്ച ഉണ്ണികൃഷ്ണന്‍റെ പിതാവ്: രാജപ്പൻ. ഭാര്യ: ഷിബി. മക്കൾ: ആദിത്യ, അദ്വൈത്. കോട്ടോപ്പാടം വേങ്ങയിലെ റിട്ട. പോസ്റ്റ്മാസ്റ്റർ സേതുമാധവന്‍റെ ഏക മകനാണ് മരിച്ച ശരത്. മാതാവ്: വി. പ്രീത (മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം). അരുൺ ജോർജിന്‍റെ മാതാവ്: പരേതയായ നിഷ. സഹോദരി: ഏയ്ഞ്ചൽ. അരുൺ ജോർജിന്‍റെ സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പടിഞ്ഞാറേ ചാലക്കുടി നിത്യസഹായ മാത ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.