തിരുവനന്തപുരം: മിന്നൽ മുതൽ ബ്ലീച്ചിങ് പൗഡറും രാസ പ്രതിപ്രവർത്തനവും വരെ. 10 ദിവസത്തിനിടെ സംസ്ഥാനത്തെ കെ.എം.എസ്.സി.എല്ലിന്റെ മൂന്ന് ഗോഡൗണുകളിലുണ്ടായ തീപിടിത്ത കാരണങ്ങൾ വിചിത്രമായി തുടരുമ്പോഴും ദുരൂഹത കത്തിപ്പടരുകയാണ്. കെ.എം.എസ്.സി.എൽ ഗോഡൗണുകളിൽ മാത്രം തുടർച്ചയായി കത്തുന്നെന്ന് മാത്രമല്ല, തീപിടിത്തത്തിലെ സമാനതകളും സംശയം ജനിപ്പിക്കുകയാണ്. മൂന്നിടത്തും രാത്രിയാണ് തീപിടിത്തമുണ്ടായത്.
ബ്ലീച്ചിങ് പൗഡറിലുള്ള രാസപ്രതിപ്രവർത്തനമാണ് കാരണമെങ്കിൽ എന്തുകൊണ്ട് പകൽ നേരത്ത് തീ പിടിത്തമുണ്ടാകുന്നില്ലെന്നതാണ് പ്രസക്തമായ ചോദ്യം. മഴവെള്ളമോ മറ്റോ ബ്ലീച്ചിങ് പൗഡറിൽ കലർന്നത് വഴിയുള്ള രാസപ്രവർത്തനമാണ് തീപിടിത്തത്തിന് കാരണമെന്നാണ് മറ്റൊരു വാദം. തിരുവനന്തപുരത്ത് സംഭവ സമയം മഴയുണ്ടായിരുന്നെങ്കിലും ആലപ്പുഴയിൽ മഴയില്ലായിരുന്നു. കൊല്ലത്തെ തീപിടിത്തം മിന്നൽ മൂലമാണെന്നാണ് ആദ്യം വാദിച്ചത്. ഗോഡൗണിന്റെ ചുമരുകളിലൊന്നും വിള്ളലോ മറ്റ് മിന്നലേറ്റ അടയാളങ്ങളോ ഉണ്ടായിരുന്നില്ലെന്നതോടെയാണ് കാരണങ്ങൾ മാറ്റിപ്പിടിച്ചത്.
അടിക്കടി തീപിടിത്തമുണ്ടാകുമ്പോഴും കൃത്യമായ കാരണമെന്തെന്ന് ഇനിയും ഉറപ്പിച്ചുപറയാൻ കെ.എം.എസ്.സി.എല്ലിന് കഴിഞ്ഞിട്ടില്ല. ഗോഡൗണുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് മാത്രം പറഞ്ഞ് ആരോഗ്യ വകുപ്പ് സംഭവത്തിൽനിന്ന് തടിയൂരി. കൊല്ലത്ത് 10 കോടി രൂപയുടെയും തിരുവനന്തപുരത്ത് 1.22 കോടിയുടെയും ആലപ്പുഴയിൽ 15 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായിട്ടും അന്വേഷണം ലോക്കൽ പൊലീസിൽ ഒതുക്കിയതല്ലാതെ സർക്കാറാകട്ടെ, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുമില്ല. കോവിഡ് കാലത്ത് അമിത നിരക്കിൽ വാങ്ങിക്കൂട്ടിയ പി.പി.ഇ കിറ്റ്, കാലാവധി കഴിഞ്ഞിട്ടും സൂക്ഷിച്ചിരിക്കുന്ന ഗുളികകൾ, മരുന്നുകൾ, പഞ്ഞി എന്നിവയാണ് അഗ്നിക്കിരയായത്. ഉപയോഗശൂന്യമായ മരുന്നുകൾ രഹസ്യമായി സൂക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല.
700 ടൺ ബ്ലീച്ചിങ് പൗഡറാണ് പലയിടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തമുണ്ടായ മരുന്ന് ഗോഡൗണുകളിൽ അഗ്നിരക്ഷാസേന നേരത്തേ ഫയർ ഓഡിറ്റ് നടത്തുകയും നോട്ടീസ് നൽകുകയും ചെയ്തെങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ എന്തു ചെയ്തെന്നും ചോദ്യമുയരുന്നുണ്ട്. കോവിഡ് കേസുകൾ കുറഞ്ഞതിനുശേഷം 2022ൽ 4.5 ലക്ഷം പി.പി.ഇ കിറ്റുകളും 50 ലക്ഷത്തോളം എൻ -95 മാസ്ക്കുകളും വാങ്ങിയിരുന്നു.
തീപിടിത്തം മുറിയിലെ അമിത സമ്മര്‍ദം മൂലമെന്ന് സൂചന
അമ്പലപ്പുഴ: കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടിക്കാനുണ്ടായ കാരണം അമിത സമ്മര്‍ദമെന്ന് സൂചന. ഇടുങ്ങിയ മുറിയിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന അമിത സമ്മർദത്തിൽ തീപിടിക്കാൻ ഇടയുണ്ടെന്നാണ് മെഡിക്കൽ സര്‍വിസ് കോർപറേഷൻ അധികൃതർ സർക്കാറിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ, ഇലക്ട്രിക്കൽ വിഭാഗവും അഗ്നിരക്ഷാസേനയും അന്വേഷണം നടത്തിവരുകയാണ്. എന്നാൽ, അമിതസമ്മർദത്തിൽ തീപിടിക്കാൻ സാധ്യത ഉണ്ടെന്ന് അറിയാമെന്നിരിക്കെ മുൻകരുതലുകൾ എടുക്കാതിരുന്നതിൽ ദുരൂഹതയുണ്ട്.
16 ലക്ഷം രൂപയുടെ ബ്ലീച്ചങ് പൗഡറാണ് കത്തിനശിച്ചത്. കൂടാതെ ഒമ്പത് എ.സികളും നശിച്ചു. കെട്ടിടത്തിനും കേടുപാട് സംഭവിച്ചു. നാശത്തിന്റെ കൃത്യമായ കണക്കുകൾ ശേഖരിച്ചുവരുകയാണ്. കെട്ടിടത്തിന്റെ മുകൾ ഭാഗം വരെ തീ പടർന്നതിനാൽ ഇവിടെ സൂക്ഷിച്ചിരുന്ന മരുന്നുകളും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.