തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി കേന്ദ്രസർക്കാർ പി.എം കെയർ ഫണ്ടുപയോഗിച്ച് രാജ്യത്ത് പുതിയ 52 പി.എസ്.എ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ കൂടി സ്ഥാപിക്കാൻ ഉത്തരവായതായി ടി.എൻ. പ്രതാപൻ എം.പി. കേരളത്തിൽ മൂന്ന് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഉത്തരവായത്. തൃശൂർ ജനറൽ ആശുപത്രി, മുവാറ്റുപുഴ ജനറൽ ആശുപത്രി, മലപ്പുറം തിരൂർ ജില്ല ആശുപത്രി എന്നിവടങ്ങളിലേക്കാണ് പി.എസ്.എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പി.എം കെയർ ഫണ്ടിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ നിർവ്വഹണചുമതല. എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവ്വീസസ് ലിമിറ്റഡ് എന്ന നിർവ്വഹണ ഏജൻസിയാണ്. ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കേണ്ട സൈറ്റിലെ സിവിൽ , ഇലക്ട്രിക്കൽ പ്രവർത്തികൾ ദേശീയ പാത അതോറിറ്റി നിർവഹിക്കും.
പ്ലാന്റ് സ്ഥാപിക്കേണ്ട സ്ഥലം കണ്ടെത്തി നിർവ്വഹണ ഏജൻസിക്ക് കൈമാറേണ്ട ചുമതല സ്സ്ഥാന സർക്കാരിന്റേതാണ്. 24 മണിക്കൂറും ഓക്സിജൻ പ്ലാന്റ് പ്രവർത്തിക്കേണ്ടതിനുള്ള പവർ ബാക്കപ്പുള്ള ഡീസൽ ജനറേറ്റർ സംവിധാനവും സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തേണ്ടതുണ്ട്. സ്ഥലം കണ്ടെത്തി നൽകുന്നതിന് ദേശീയപാത അതോറിറ്റി കലക്ടർക്ക് കത്ത് നൽകി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മെയ് 31 മുമ്പായി പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
ഒരു മിനിറ്റിൽ ആയിരം ലിറ്റർ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള കപ്പാസിറ്റിയുള്ള പ്ലാന്റാണ് ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്നത്. പ്ലാന്റിൽ നിന്നും ഓക്സിജൻ പൈപ്പ് ലൈനുകളിലൂടെ വിവിധ വാർഡുകളിലേക്ക് എത്തുന്ന സംവിധാനമാണ് ഒരുക്കുന്നത്. ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ഇത് വഴി ലഭിക്കും.
പി. എം കെയർ ഫണ്ടിൽ നിന്നും പുതുതായി ഓക്സിജൻ പ്ലാന്റ് അനുവദിച്ചപ്പോൾ തൃശ്ശൂർ ജനറൽ ആശുപത്രിയെ പരിഗണിച്ചതിലും നേരത്തെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പ്ലാന്റ് അനുവദിച്ചതിനും നന്ദി അറിയിച്ച് ടിഎൻ പ്രതാപൻ എം.പി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.