കോഴിക്കോട്: എസ്.എസ്.എൽ.സി ഐ.ടി പൊതുപരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകർക്കുള്ള പ്രതിഫലം മൂന്നുവർഷം കഴിഞ്ഞിട്ടും നൽകാതെ വിഭ്യാഭ്യാസ വകുപ്പ്. 2021-22, 2022-23 അധ്യയന വർഷങ്ങളിൽ നടത്തിയ ഐ.ടി പരീക്ഷകൾക്ക് ചുമതലയുണ്ടായിരുന്ന നൂറുകണക്കിന് അധ്യാപകർക്കാണ് പ്രതിഫലം ലഭിക്കാത്തത്.
ഒരു മണിക്കൂറിന് 10 രൂപവീതം ഏഴു മണിക്കൂറിന് 70 രൂപയും എട്ടു കിലോമീറ്റർ പരിധിക്കു പുറത്തുനിന്ന് വരുന്ന അധ്യാപകർക്ക് ഒരു ഡി.എയും ഉൾപ്പെടെയുള്ള തുകയാണ് നൽകാനുള്ളത്. ശരാശരി വിദ്യാർഥികൾ പരീക്ഷ എഴുതിയ സ്കൂളുകളിൽ നാലും അഞ്ചും ദിവസമാണ് അധ്യാപകർ ചുമതലയെടുത്തിരിക്കുന്നത്.
പല തവണ ഡി.ഇ.ഒ മുഖാന്തരം ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നാണ് അധ്യാപകർ പറയുന്നത്. ചില സ്കൂളിലെ പ്രധാനാധ്യാപകർ സ്വന്തം കൈയിൽനിന്നും പി.ടി.എ ഫണ്ടിൽനിന്നുമെല്ലാമായി പണമെടുത്തു നൽകി അഭിമാനം സംരക്ഷിച്ചിട്ടുണ്ട്. പണം സർക്കാർ തന്നില്ലെങ്കിൽ അധ്യാപകർക്ക് പ്രതിഫലം നൽകില്ലെന്ന് ഇത്തവണ എച്ച്.എം ഫോറം തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ 2023-24 വാർഷിക പരീക്ഷയിൽ ഡ്യൂട്ടിയെടുത്ത അധ്യാപകർക്ക് പി.ഡി ഫണ്ടിൽനിന്ന് പണം നൽകാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.
ഇതേത്തുടർന്ന് കുട്ടികൾ നൽകുന്ന സ്പെഷൽ ഫീസിനത്തിൽനിന്ന് ലഭിക്കുന്ന പി.ഡി ഫണ്ടിൽനിന്ന് അധ്യാപകർക്ക് ആ വർഷത്തെ പ്രതിഫലം നൽകി. രണ്ട് ഗഡുക്കളായി പിരിക്കുന്ന സ്പെഷല്ഫീസിൽനിന്ന് അധ്യാപകർക്ക് പണം നൽകുന്നതോടെ സ്കൂൾ ലൈബ്രറി, ലാബ്, ഓഡിയോ വിഷ്വൽ, സ്കൂൾ കലോത്സവം, കായികമേള എന്നിവക്ക് വിനിയോഗിക്കേണ്ട പണം വകമാറ്റുന്നതിന് ഇടയാക്കിയിരിക്കുകയാണ്.
അധ്യാപകർക്ക് നൽകാനുള്ള പണം സ്പെഷൽ ഫീസിൽനിന്ന് നൽകുന്നതിന് നിയമതടസ്സമില്ലെന്ന് ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ പറയുന്നുണ്ടെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാലും ഉത്തരവിന് മുൻകാല പ്രാബല്യമില്ലാത്തതിനാലും പ്രധാനാധ്യാപകർ നൽകുന്നില്ല.
2023-24ലെ പരീക്ഷാ പ്രതിഫലം നൽകാൻ മാത്രമാണ് ഉത്തരവിലുള്ളതെന്നാണ് പ്രധാനാധ്യാപകർ പറയുന്നത്. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളിൽനിന്ന് ജൂണിൽ പിരിച്ചെടുക്കുന്ന 29.50 രൂപയും നവംബറിൽ പിരിക്കുന്ന 12.50 രൂപയും മാത്രമാണ് സ്പെഷൽ ഫീസായി പി.ഡി അക്കൗണ്ടിലെത്തുന്നത്. പി.ഡി ഫണ്ടിൽനിന്ന് നൽകിയ തുകക്ക് അംഗീകാരം ലഭിക്കേണ്ടതുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.