തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വിവാദങ്ങളുടെ വേലിയേറ്റം

കൊച്ചി: തൃക്കാക്കരയിൽ സ്ഥാനാർഥി നിർണയം മുതൽ അരങ്ങേറിയ തുടർ വിവാദങ്ങളിൽ പൊള്ളി എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും. സ്ഥാനാർഥികളുടെ രാഷ്ട്രീയ പരിചയം വിവരിക്കുന്നത് മുതൽ വ്യക്തിഹത്യയിലേക്ക് വരെ നീളുന്നതായി വിവാദങ്ങൾ. അതേസമയം, വിവാദങ്ങൾ കാര്യമായി ഏശാത്ത തരത്തിൽ ഉജ്ജ്വലമായ പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. തൃക്കാക്കര ഉൾക്കൊള്ളുന്ന എറണാകുളം ലോക്സഭ മണ്ഡലത്തിലെ 1996 തെരഞ്ഞെടുപ്പിൽ ഫ്രഞ്ച് ചാരക്കപ്പൽ സംബന്ധിച്ച് വോട്ടെടുപ്പിന് തൊട്ടടുത്ത നാളുകളിൽ പ്രചരിച്ച നോട്ടീസ് കോൺഗ്രസ് സ്ഥാനാർഥി കെ.വി. തോമസിന്‍റെ പരാജയത്തിന് കാരണമായിരുന്നു.

തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു മുതൽ ഉമ തോമസ് നേരിട്ടത് പി.ടി. തോമസിന്‍റെ ഭാര്യയെന്ന പരിഗണനകൊണ്ടുമാത്രം ലഭിച്ച അവസരമെന്ന വിവാദമാണ്. മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് പിന്തുണ നൽകി എൽ.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കുന്നതുവരെ കാര്യങ്ങൾ എത്തി. പാർട്ടിയുടെ സജീവ പ്രവർത്തകരെ തള്ളി ബന്ധുക്കളെ സ്ഥാനാർഥിയാക്കുന്നതിനെ പി.ടി എന്നും എതിർത്തിരുന്നുവെന്നതാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ ഉയർത്തിയത്. എന്നാൽ, ഉമ മഹാരാജാസ് കോളജിലെ പഠന നാളുകൾ മുതൽ വിദ്യാർഥി നേതാവാണെന്ന് പരിചയപ്പെടുത്തി വിവാദം തള്ളാൻ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി വരെ രംഗത്തുവരേണ്ടിവന്നു.

സഭ സ്ഥാനാർഥിയെന്ന ലേബലാണ് സ്ഥാനാർഥി പ്രഖ്യാപനം മുതൽ ജോ ജോസഫ് നേരിടേണ്ടി വന്നത്. അദ്ദേഹത്തെ അനുമോദിക്കാൻ എറണാകുളം ലിസി ആശുപത്രിയിൽ വാർത്തസമ്മേളനം വിളിച്ചതും അതിൽ സി.പി.എം ജില്ല സെക്രട്ടറി പങ്കെടുത്തതും വിവാദം കൂടുതൽ പടരാൻ കാരണമായി. സിറോ മലബാർ സഭ മേജർ ആർച് ബിഷപ് ജോർജ് ആലഞ്ചേരിതന്നെ സഭ സ്ഥാനാർഥിയെന്ന പ്രചാരണത്തെ തള്ളി മുന്നിൽവന്നു. 'സഭ പ്രതിനിധി' തന്നെയാണ് ജോ ജോസഫ് എന്നും അത് 'നിയമസഭ'യാണെന്നും വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് നാലുദിവസം മാത്രം ശേഷിക്കെ വ്യാജ അശ്ലീല വിഡിയോവരെ ഇടതു സ്ഥാനാർഥിക്കെതിരെ പ്രചരിച്ചു. ആശയദാരിദ്രമുള്ളവരാണ് ഇതെല്ലാം പ്രചരിപ്പിക്കുന്നതെന്നും തെരഞ്ഞെടുപ്പിന് ശേഷവും തങ്ങൾക്ക് ഇവിടെ ജീവിക്കണമെന്നും അദ്ദേഹത്തിന്‍റെ ഭാര്യ ഡോ. ദയ പാസ്കലിന് തുറന്നു പറയേണ്ടിവന്നു.

മതവിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായ പി.സി. ജോർജിനെ പരസ്യമായി പിന്തുണക്കുക വഴി എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനും വിവാദ നായകനായി. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ 80:20 അനുപാതമാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയം. മുഖ്യമന്ത്രി തൃക്കാക്കരയിൽ തീവ്രവാദ-വർഗീയ സംഘടന നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയാണെന്ന് പ്രചരിപ്പിച്ചും വിവാദങ്ങൾ ഉയർത്തി ബി.ജെ.പി കേന്ദ്രങ്ങൾ രംഗത്തുണ്ട്.

Tags:    
News Summary - Thrikkakara by-election: Tide of controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.