കൊച്ചി: തൃക്കാക്കരയിൽ ട്വന്റി20യുടെ പിന്തുണ ഉറപ്പിക്കാൻ ഇടതു-വലത് മുന്നണികൾ തീവ്ര ശ്രമങ്ങൾ തുടരവെ കൊമ്പുകോർത്ത് സി.പി.എം എം.എൽ.എ പി.വി. ശ്രീനിജിനും ട്വന്റി20 നേതാവ് സാബു എം.ജേക്കബും. തങ്ങളെ ദ്രോഹിച്ചതിന് കുന്നത്തുനാട് എം.എൽ.എയായ ശ്രീനിജൻ മാപ്പുപറയണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടതിനുപിന്നാലെ ഫേസ്ബുക്കിൽ 'കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാൾക്ക് കൊടുക്കാനാണ്' എന്ന പരിഹാസവുമായി എം.എൽ.എ എത്തി. ഇതിന് 'കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പുണ്ടെന്നു'മായിരുന്നു സാബുവിന്റെ മറുപടി. മേയ് 31ന് ശേഷം ഇത് വേണമെങ്കിൽ തരാമെന്നും സാബു വ്യക്തമാക്കി. പോര് മൂത്തതോടെ സി.പി.എം ഇടപെട്ട് ശ്രീനിജിന്റെ പോസ്റ്റ് പിൻവലിപ്പിച്ചു.
ആംആദ്മി പാർട്ടി, ട്വന്റി20 എന്നിവ ചേർന്ന് പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്റെ പിന്തുണതേടി ഇടത്-വലത് മുന്നണികൾ പരസ്യമായി രംഗത്തുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ ട്വൻറി20 തൃക്കാക്കരയിൽ 13,897 വോട്ടുകൾ പിടിച്ചിരുന്നു. ഇക്കുറി സ്ഥാനാർഥിയെ നിർത്തിയിട്ടില്ലെങ്കിലും തൃക്കാക്കരയിൽ സംഘടനയുടെ നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് വ്യക്തമായിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സ്വീകരിച്ചത്. എതിരാളിയുടെ വോട്ട് കിട്ടിയാലും വാങ്ങുമെന്നതാണ് രീതി. ആംആദ്മി പാർട്ടിക്ക് കേരളത്തിൽ വലിയ കടന്നുകയറ്റം സാധ്യമല്ല. പാർട്ടി എന്ന നിലക്ക് ട്വന്റി20ക്ക് എതിരെ നിലപാട് എടുക്കേണ്ട സാഹചര്യം കോൺഗ്രസിന് ഉണ്ടായിട്ടില്ല. ട്വന്റി20 കോൺഗ്രസിന് വോട്ടുചോർച്ച ഉണ്ടാക്കിയിട്ടുണ്ടെന്നും സുധാകരൻ സമ്മതിക്കുന്നു. സി.പി.എം മാപ്പ് പറയണമെന്ന സാബു എം.ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച പി.വി. ശ്രീനിജിനെ തള്ളി മന്ത്രി പി. രാജീവ് രംഗത്തെത്തി. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാട്. ട്വന്റി20യുടെ ഉള്‍പ്പെടെ വോട്ടുകള്‍ എൽ.ഡി.എഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് 15 ദിവസം മാത്രം അവശേഷിക്കെ ഇരുമുന്നണികളും പൊരിഞ്ഞ പ്രചാരണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സി.പി.എം ലോക്കൽ കമ്മിറ്റികളിൽ പങ്കെടുത്ത് നിർദേശങ്ങൾ നൽകിയിരുന്നു. കെ. സുധാകരനും വി.ഡി. സതീശനും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണം. പി.ടി. തോമസ് സഹതാപതരംഗം, ട്വന്റി20 പിന്തുണ എന്നിവക്ക് പിന്നാലെ കെ-റെയിൽ കല്ലിടലിൽനിന്നുള്ള പിന്മാറ്റവുമാണ് പ്രചാരണ രംഗത്തെ ചൂടേറും വിഷയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.