കൊച്ചി: പോരാട്ടം രാഷ്ട്രീയപരമാകണമെന്ന് ആവർത്തിക്കുമ്പോഴും തൃക്കാക്കരയിൽ മുന്നണികളുടെ പ്രതീക്ഷ മണ്ഡലത്തിൽ ഭൂരിപക്ഷം വരുന്ന കക്ഷി രാഷ്ട്രീയത്തിനതീതരായ നിർണായക വോട്ടർമാരിൽ. എറണാകുളത്തിന് പോലും അവകാശപ്പെടാനില്ലാത്ത വിധം പൂർണമായും നഗരപ്രദേശങ്ങൾ മാത്രം അടങ്ങുന്ന 'വി.ഐ.പി' മണ്ഡലമായതിനാൽ, രാഷ്ട്രീയത്തേക്കാൾ മുന്നണികൾ നിർത്തുന്ന സ്ഥാനാർഥികളുടെ വ്യക്തിത്വവും തെരഞ്ഞെടുപ്പ് വിഷയവും തന്നെയാവും നിർണായകമാവുക.
മുന്നണികളെല്ലാം 'കെ -റെയിൽ' എന്ന ഇപ്പോഴത്തെ വിവാദ വിഷയം തന്നെ പ്രധാന പ്രചാരണ വിഷയമാക്കുന്നതിന് കാരണവും തൃക്കാക്കരയുടെ ഈ പ്രത്യേകത തന്നെ. ഭരണകക്ഷി കെ -റെയിലിനെ വികസനത്തിന്‍റെ പ്രതീകമായി അവതരിപ്പിക്കുമ്പോൾ, പ്രതിപക്ഷ കക്ഷികൾ നാശത്തിലേക്കുള്ള പാതയായാണ് ഉയർത്തിക്കാണിക്കുന്നത്. എൻ.ഡി.എയും കെ -റെയിൽ വിരുദ്ധ നിലപാട് ശക്തമാക്കിയാവും രംഗത്തുണ്ടാവുക. ട്വന്‍റി20യും ആം ആദ്മി പാർട്ടി അടക്കമുള്ള കക്ഷികൾ സഖ്യമായോ അല്ലാതെയോ മത്സരരംഗത്തുണ്ടാകും. അവരുടെ പ്രചാരണ അജണ്ടയിലും 'കെ-റെയിൽ' ഉറപ്പ്.
സിൽവർ റെയിലിന്‍റെ നിർദിഷ്ട സ്റ്റേഷനായ കാക്കനാട് കൂടി അടങ്ങുന്നതാണ് തൃക്കാക്കര മണ്ഡലമെന്നതിനാൽ ജയപരാജയം കെ-റെയിൽ പദ്ധതിയുടെ സാധ്യതയെ പോലും ബാധിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം എന്തായാലും കെ -റെയിലിനോട് സാധാരണ ജനങ്ങൾ എങ്ങിനെ പ്രതികരിക്കുന്നുവെന്നതിന്‍റെ വിലയിരുത്തലാവും ഇതിനെ പരിഗണിക്കുക.
തൃക്കാക്കര നഗരസഭ പൂർണമായും കൊച്ചി നഗരസഭയുടെ 22 ഡിവിഷനുകളും ഉൾപ്പെടുന്നതാണ് തൃക്കാക്കര മണ്ഡലം. ഐ.ടി മേഖലയിലടക്കം ജോലിക്കും ബിസിനസിനുമായി സംസ്ഥാനത്തെ മറ്റിടങ്ങളിൽ നിന്നെത്തിയവർ കൂട്ടത്തോടെ കുടിയേറിപ്പാർക്കുന്നിടം. വ്യക്തമായ കക്ഷി രാഷ്ട്രീയമില്ലാത്ത വലിയവിഭാഗം ഇക്കൂട്ടത്തിലുണ്ട്. ഇവർ വികസനത്തിന് ഒപ്പം നിൽക്കുന്നവരാണെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് കെ -റെയിലടക്കം പദ്ധതികളെ സർക്കാറിന്‍റെ വികസന നയത്തിന്‍റെ ഭാഗമായി പ്രചാരണായുധമാക്കാൻ ഇടതു മുന്നണി ധൈര്യം കാട്ടുന്നത്. സാധാരണ ഈ വോട്ടുകളിൽ ഏറിയ പങ്കും സ്ഥാനാർഥികളുടെ വ്യക്തിത്വത്തിന്‍റെ കൂടി അടിസ്ഥാനത്തിൽ യു.ഡി.എഫിന് അനുകൂലമായാണ് കഴിഞ്ഞ കാലങ്ങളിൽ നിന്നിരുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ ബെന്നി ബഹന്നാനും പിന്നീട് പി.ടി. തോമസിനും അനുകൂലമായിനിന്ന ഈ വോട്ടുകളിലേറെയും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 'പി.ടി' എഫക്ടിന് ഒപ്പം തന്നെ നിന്നതായാണ് വിലയിരുത്തൽ. അന്ന് പി.ടിക്ക് ലഭിക്കേണ്ടിയിരുന്ന ഈ വോട്ടുകളിൽ കുറെയേറെ ട്വൻറി20 സ്ഥാനാർഥി പിടിച്ചെടുത്തിട്ടുണ്ട്. ട്വന്‍റി20 സ്ഥാനാർഥിക്ക് ബി.ജെ.പിയേക്കാൾ മുന്നിൽ മൂന്നാം സ്ഥാനത്തെത്താൻ സഹായിച്ചത് അവർ അവതരിപ്പിച്ച വേറിട്ട വികസന അജണ്ട തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനെ പരീക്ഷിച്ചതിലൂടെ എൽ.ഡി.എഫ് വോട്ടുകളിലും ചോർച്ചയുണ്ടായി. വികസന അജണ്ട ഉയർത്തുന്നതിലൂടെയും കരുത്തനായ പാർട്ടി സ്ഥാനാർഥിയെ അവതരിപ്പിക്കുന്നതിലൂടെയും ഇത്തവണ ഈ വോട്ടുകളിൽ ഭൂരിപക്ഷവും സ്വന്തം പെട്ടിയിൽ എത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്.
എന്നാൽ, കെ-റെയിൽ വിരുദ്ധ സമരത്തിന്‍റെ വിളവെടുക്കേണ്ട ആദ്യ പരീക്ഷണ ഭൂമിയാണ് യു.ഡി.എഫിന് തൃക്കാക്കര. അതിനാലാണ് കെ-റെയിൽ തന്നെ അവരും വിഷയമാക്കുന്നത്. അതേസമയം, തൃക്കാക്കര മണ്ഡലത്തിന്‍റെ പൊതുസ്വഭാവം പരിഗണിച്ചാൽ കെ-റെയിൽ വിരുദ്ധസമരം വികസനവിരുദ്ധ നിലപാടല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യതയും യു.ഡി.എഫിനുണ്ട്. പി.ടിയുടെ നിലപാടുകൾക്കും ആദർശത്തിനും എന്നും പിന്തുണയുമായി കൂടെ നിന്ന, വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള ഉമയെ പി.ടിയുടെ പ്രതിരൂപമായി തന്നെ വോട്ടർമാർ സ്വീകരിക്കുമെന്ന ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. നാട്ടുകാരായ വോട്ടർമാർക്കിടയിൽ മേൽക്കൈയുണ്ടെന്നതിനാൽ യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്. പാർട്ടിക്കകത്ത് ഉമയുടെ പേരിൽ നിലനിൽക്കുന്ന മുറുമുറുപ്പുകൾക്ക് ദിവസങ്ങൾക്കപ്പുറം ആയുസ്സും കരുത്തും ഉണ്ടാകില്ലെന്ന് നേതൃത്വം കണക്കുകൂട്ടുന്നത് മതിയായ കാരണങ്ങളുള്ളത് കൊണ്ടുതന്നെയാണ്.
സഭയടക്കം ജാതി-മത സമവാക്യങ്ങൾ, എൻ.ഡി.എ, ട്വൻറി20, ആപ്പ് സ്ഥാനാർഥികളുടെ സാന്നിധ്യം, മറ്റ് പ്രാദേശിക വിഷയങ്ങൾ എന്നിവയെല്ലാം വിജയഘടകങ്ങളാകാമെങ്കിലും ഒരേ വിഷയം ഉയർത്തിക്കാട്ടി മുന്നണികൾ നടത്തുന്ന പോരാട്ടം കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതുമയുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.