തിരുവനന്തപുരം: വീറുറ്റ പോരാട്ടത്തിനൊടുവിൽ സർവ സമ്മർദങ്ങളെയും അതിജീവിച്ച് തൃക്കാക്കരയെ ഒരിക്കൽക്കൂടി അക്കൗണ്ടിൽ ചേർത്തത് യു.ഡി.എഫിനും കോൺഗ്രസിനും പുതിയ ഊര്‍ജമായി. മുന്നണിയുടെ കെട്ടുറപ്പ് വർധിപ്പിക്കുമെന്ന് മാത്രമല്ല, പുതിയ നേതൃത്വം ശക്തമെന്ന് തെളിയിക്കാനും ഫലം സഹായിക്കുന്നു. കാൽലക്ഷത്തിലേറെ വോട്ടിന്‍റെ മഹാഭൂരിപക്ഷം ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് കരുത്ത് പകരും. ഒപ്പം നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ നിരാശയിലായ പ്രവർത്തകർക്ക് തിരിച്ചുവരവിന്‍റെ പ്രതീക്ഷയും.നേതൃത്വം ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനം ഫലം കെണ്ടന്നാണ് ഫലം നൽകുന്ന സൂചന. മണ്ഡലത്തിലെ എക്കാലത്തെയും ഉയർന്ന ഭൂരിപക്ഷം മുന്നണിയുടെ കൂട്ടായ പ്രവർത്തനനേട്ടമാണ്.
മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ പൂർണമായും ഒരു മാസത്തോളം തൃക്കാക്കരയിൽ പ്രവർത്തിച്ചിട്ടും കനത്ത തോൽവിയാണ് നേരിട്ടത്. പോളിങ് കുറഞ്ഞിട്ടും വോട്ടും ഭൂരിപക്ഷവും വർധിപ്പിക്കാനായത് കോൺഗ്രസിലെ പുതുനേതൃത്വത്തിന്‍റെ നേട്ടമാണ്. സ്വന്തം തട്ടകത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം പ്രതിപക്ഷനേതാവെന്ന നിലയിൽ വി.ഡി. സതീശന് വ്യക്തിപരമായ നേട്ടവുമാണ്. അതിനാൽത്തന്നെ ഈ ജയം പാര്‍ട്ടിയിലും മുന്നണിയിലും സതീശന്‍റെ സ്ഥാനം അരക്കിട്ടുറപ്പിക്കും. തൃക്കാക്കരയിൽ കൂടി പരാജയപ്പെട്ടാൽ കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും നിലനിൽപ്പ് തന്നെ അപകടത്തിലാകുമായിരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ നേതൃത്വം സ്ഥാനാർഥി നിർണയം മുതൽ വളരെ കരുതലോടെയാണ് നീങ്ങിയത്.
സ്ഥാനാർഥിക്ക് തുടക്കംമുതൽ ലഭിച്ച സ്വീകാര്യതയും അവരുടെ പക്വമായ അഭിപ്രായപ്രകടനങ്ങളും വലിയതോതിൽ സഹായകമായി. എൽ.ഡി.എഫ് സ്ഥാനാർഥി സഭയുടെ നോമിനിയാണെന്ന ആദ്യഘട്ട പ്രചാരണവും ഗുണകരമായി. ഇടതു സ്ഥാനാർഥിക്ക് സഭയുടെ കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല സഭാനേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ ഉറപ്പാക്കാനും യു.ഡി.എഫിന് സാധിച്ചു. തൃക്കാക്കര വിജയത്തോടെ സര്‍ക്കാറിനെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമാക്കും. സില്‍വര്‍ലൈനിനെതിരെയും കടുത്ത നിലപാട് എടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.