തൃശൂർ: സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞ പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ പദ്ധതിയുമായി ഇടതുപക്ഷം ഭരിക്കുന്ന തൃശൂർ കോർപറേഷൻ. സ്മാർട്ട് മീറ്റർ വാങ്ങാനുള്ള ടെൻഡർ നടപടിയും കോർപ്പറേഷൻ പൂർത്തിയാക്കി. സംസ്ഥാനത്ത് വൈദ്യുതി വിതരണം ചെയ്യുന്ന ലൈസൻസിയുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. കേന്ദ്രസർക്കാർ പദ്ധതിയായ ആർ.ഡി.എസ് എസ് (റിവാപഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) പദ്ധതിയിൽ വൈദ്യുത ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ വാങ്ങാനുള്ള നീക്കത്തിന് സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ.എസ്.ഇ.ബിക്കും മുമ്പേയാണ് കോർപ്പറേഷൻ അമിത താൽപര്യവും വേഗതയും കാണിക്കുന്നത്.
25. 38 കോടിയുടേതാണ് പദ്ധതി. സ്മാർട്ട് മീറ്റർ പദ്ധതി സി.പി.എം കേന്ദ്രകമ്മിറ്റിയും എതിർത്തതാണ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ.എസ്.ഇ.ബി ഈ പദ്ധതി കേന്ദ്രം നിർദേശിക്കുന്ന രീതിയിൽ നടപ്പാക്കുന്നതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല ബദൽ നിർദ്ദേശം കേന്ദ്രസർക്കാറിന് സമർപ്പിച്ചിരിക്കുകയുമാണ്. എന്നാൽ ഇതിന് കേന്ദ്രസർക്കാർ അനുമതി
ലഭിച്ചിട്ടില്ല.
സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും ഇനിയും തീരുമാനം എടുക്കാത്ത പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ പദ്ധതിയിൽ അമിതവേഗതയിൽ ആണ് തൃശൂർ കോർപറേഷൻ ടെൻഡർ വിളിച്ചത്. രണ്ട് സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയത് എൻ ഷുവർ റിലയബിൾ പവർ സൊലുഷൻ എന്ന സ്ഥാപനമാണ്. എന്നാൽ ഇവർ സമർപ്പിച്ചതിലും അടങ്കൽ തുകയേക്കാൾ 38.99 കോടി അധികരിച്ചതാണ് നിരക്കെന്നതിനാൽ ഈ ടെൻഡർ റദ്ദാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. റീ ടെൻഡർ നടപടികളിൽ പിന്നീട് തീരുമാനിക്കും. കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന അതേപടി പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ വിമുഖത കാണിക്കുന്ന സംസ്ഥാന സർക്കാരിനു മുകളിലായി മീറ്റർ പദ്ധതി നടപ്പാക്കാൻ ഇടതുപക്ഷം ഭരിക്കുന്ന തൃശൂർ കോർപ്പറേഷൻ മുന്നോട്ട് പോകുന്നതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം കോൺഗ്രസ് ഉയർത്തുന്നു. ഒരു സ്മാർട്ട് മീറ്റർ മീറ്ററിന് ഒമ്പതിനായിരം രൂപയോളം ചെലവ് വരുന്നുണ്ട്. ഇത് ഉപഭോക്താവിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ബദൽ നിർദ്ദേശങ്ങൾക്ക് അംഗീകാരം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ തൃശൂർ കോർപറേഷൻ പദ്ധതി നടപ്പാക്കാൻ കാണിക്കുന്ന തിടുക്കത്തിനു പിന്നിൽ കോടികളുടെ പദ്ധതിയിൽ ലഭിക്കുന്ന വലിയ കമ്മീഷൻ മാത്രമാണെന്നും പ്രതിപക്ഷ കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.