തൃശൂർ: തൃശൂർ കസ്റ്റംസ് ഡിവിഷൻ ഇതുവരെ 50 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടിയതായി അധികൃതർ അറിയിച്ചു. 2019 ഒക്ടോബർ 16ന് തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ കസ്റ്റംസ് പ്രിവൻറിവ് തൃശൂർ ഡിവിഷൻ നടത്തിയ പരിശോധനയിൽ 45 കോടി രൂപ വില വരുന്ന 123 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിൽ അന്വേഷണം പൂർത്തിയായതായി കൊച്ചി കസ്റ്റംസ് കമീഷണർ സുമിത് കുമാർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
2019-'20ൽ ആകെ 48 കോടി രൂപ വില വരുന്ന 138 കിലോ കള്ളക്കടത്ത് സ്വർണവും എട്ടുലക്ഷം രൂപയുടെ വിദേശ കള്ളക്കടത്ത് സിഗരറ്റും രണ്ടുലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും ഡിവിഷനിൽ പിടികൂടി. 2020-'21ൽ 2.70 കോടി രൂപ വിലയുള്ള 5.80 കിലോ കള്ളക്കടത്ത് സ്വർണവും 20 ലക്ഷം രൂപ വിലയുള്ള കള്ളക്കടത്ത് സിഗരറ്റും 1.49 കോടി രൂപ മൂല്യമുള്ള വിദേശ കറൻസിയും 78 ലക്ഷം ഇന്ത്യൻ രൂപയും പിടിച്ചെടുത്തു.
2019 ഒക്ടോബറിലെ റെയ്ഡുകളിൽ 1900 യു.എസ് ഡോളറും 1.4 കോടി രൂപയും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. കള്ളക്കടത്ത് സ്വർണത്തിെൻറ നിയമവിരുദ്ധ വ്യാപാരത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിൽ സ്വർണം കൊണ്ടുപോകാനുള്ള ഇ-വേ ബില്ലിെൻറ വ്യാപകമായ ദുരുപയോഗം വ്യക്തമായതായി കസ്റ്റംസ് അറിയിച്ചു.
ക്രെഡിറ്റ് വ്യാപാരത്തിനും വാങ്ങലിനും നികുതി ഇൻവോയ്സ് തയാറാക്കിയും പണിക്കുള്ള സ്വർണമെന്ന പേരിൽ മുൻകാല തീയതി വെച്ച് വൗച്ചറുകൾ ഉണ്ടാക്കിയും ഇതുവഴി ജി.എസ്.ടി അടച്ച് സ്വർണത്തിന് നിയമസാധുത വരുത്തിയുമാണ് ദുരുപയോഗം നടന്നത്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 200ലധികം ഓഫിസർമാർ 2019ലെ റെയ്ഡുകളിൽ പങ്കെടുത്തിരുന്നു.
കേരളത്തിൽ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ റെയ്ഡായിരുന്നു അത്. കോവിഡ് വ്യാപനം അന്വേഷണത്തെ ബാധിച്ചപ്പോൾ രണ്ട് തവണയായി അന്വേഷണ കാലാവധി നീട്ടി നൽകിയിരുന്നു. 20 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിലും കേരളത്തിലുമുള്ള വിവിധ കേന്ദ്രങ്ങളിൽ തുടർ പരിശോധനകളും നടത്തി. ഇതിൽ ചെന്നൈയിലെയും മധുരയിലെയും ചില ജ്വല്ലറികളിൽനിന്നായി നാലുകിലോ കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തു.
ഇതിൽ വ്യാജ രേഖകൾ, ബില്ലുകൾ, വൗച്ചറുകൾ, അക്കൗണ്ട് ബുക്കുകൾ എന്നിവ ചമച്ചതിന് മൂന്ന് ചാർട്ടേഡ് അക്കൗണ്ടൻറുമാരും രണ്ട് ടാക്സ് കൺസൽട്ടൻറുമാരും ഉൾപ്പെടെ 100ലധികം കുറ്റാരോപിതർക്കെതിരായി 29 കേസുകൾ എടുത്തിട്ടുണ്ട്. 21 കാരണംകാണിക്കൽ നോട്ടീസ് നൽകിയതായും കസ്റ്റംസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.