തൃശൂർ: തട്ടകങ്ങളിലെ പൂരപ്രേമികളുടെ ആവേശം മുറ്റിയ മുഹൂർത്തങ്ങളിൽ തൃശൂർ പൂരത്തിന് 10 ക്ഷേത്രങ്ങളിൽ കൊടിയേറി. പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമായി ശനിയാഴ്ച രാവിലെ മുതൽ രാത്രി വരെ വിവിധ സമയങ്ങളിലായിട്ടായിരുന്നു കൊടിയേറ്റം. 19നാണ് പൂരം. 17ന് രാത്രി ഏഴിന് സാമ്പ്ൾ വെടിക്കെട്ടും 20ന് പുലർച്ച പ്രധാന വെടിക്കെട്ടും നടക്കും.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.45ഓടെയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ ദേശക്കാർ ആരവങ്ങളോടെ ഉയർത്തി. പാറമേക്കാവ് ക്ഷേത്രത്തിൽ 12ഓടെയായിരുന്നു കൊടിയേറ്റം. തിരുവമ്പാടിയിൽ പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി.
നായ്ക്കനാലിലും നടുവിലാലിലും ആലിന് മുകളിൽ പൂരപ്പതാക ഉയർത്തി. സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിയുയർത്തിയത്. മണികണ്ഠനാലിൽ പാറമേക്കാവ് വിഭാഗവും കൊടിയുയർത്തി. പാറമേക്കാവിന്റെ പുറപ്പാടിന് കാശിനാഥൻ തിടമ്പേറ്റി.
18ന് വടക്കുന്നാഥന്റെ തെക്കേനട തുറന്നിടും. പൂരദിനത്തിൽ രാവിലെ ആറുമുതൽ ചെറുപൂരങ്ങൾ എത്തും. മഠത്തിൽ വരവ് രാവിലെ 11നും ഇലഞ്ഞിത്തറ മേളം രണ്ടിനും കുടമാറ്റം വൈകീട്ട് നാലിനുമാണ്. പിറ്റേന്ന് പകൽപ്പൂരം കഴിഞ്ഞാൽ ഉച്ചക്ക് 12ഓടെ ഉപചാരം ചൊല്ലിപ്പിരിയും.
കണ്ണൂർ: തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയിൽ ആളുകൾ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നും വിവാദ നിർദേശമുള്ള പഴയ സത്യവാങ്മൂലം റദ്ദാക്കി പുതിയത് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. സുപ്രീംകോടതി ഇടപെടൽ കാരണം പെട്ടെന്ന് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇത്തരമൊരു നിർദേശം വന്നതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആനകളും ആളുകളും തമ്മിൽ അമ്പത് മീറ്റർ അകലം പാലിക്കണമെന്നത് തൃശൂർ പൂരം പോലുള്ള ചടങ്ങുകളിൽ ഒരുനിലക്കും പ്രായോഗികമല്ല. കഴിഞ്ഞ കുറെ കാലമായി ഉത്സവവേളകളിൽ ആനകൾ ഇടയുകയും അനിഷ്ട സംഭവങ്ങളുണ്ടാവുകയും ഉണ്ടായതിന്റെ സാഹചര്യത്തിൽ ആനപ്രേമി സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഇടപെടൽ കാരണം സംസ്ഥാന സർക്കാർ സത്യവാങ്മൂലവും സമർപ്പിച്ചു. പെട്ടെന്ന് തയാറാക്കിയ ആ സത്യവാങ്മൂലത്തിൽപെട്ട ഒരുനിർദേശമാണ് ആനകളും ആളുകളും തമ്മിൽ അമ്പത് മീറ്റർ അകലം വേണമെന്നത്. പൂരത്തിന് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞാണ് പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കുന്നത്. ആചാരമനുസരിച്ച് ഉത്സവങ്ങൾ നടത്തുന്നതുപോലെ നാട്ടാനകളുടെ സുരക്ഷിതത്വവും പ്രധാനമാണ്. പൂരം നടത്തിപ്പിൽ ഒരാശങ്കയും വേണ്ടെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.