തൃശൂർ: പൊലീസ് കമീഷണർക്കും അസിസ്റ്റന്റ് കമീഷണർക്കുമെതിരെ സർക്കാർ നടപടി പ്രഖ്യാപിച്ചിട്ടും തൃശൂർ പൂരത്തിലെ രാഷ്ട്രീയ വിവാദം കെട്ടടങ്ങുന്നില്ല. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ വിഷയത്തിൽ ചർച്ചകൾ തുടരുന്നത് ഗുണകരമാവില്ലെന്ന തിരിച്ചറിവിലാണ് കമീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമീഷണർ സുദർശനെയും സ്ഥലംമാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പ് വരെയെങ്കിലും വിഷയം കത്തിച്ചുനിർത്തണമെന്ന നിലപാടിലാണ് കോൺഗ്രസും ബി.ജെ.പിയും. കമീഷണറുടെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന വിശദീകരണമാണ് ഇടതുകേന്ദ്രങ്ങൾ നൽകുന്നതെങ്കിലും ബി.ജെ.പി സ്ഥാനാർഥിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യു.ഡി.എഫും സ്ഥാനാർഥി കെ. മുരളീധരനും. എന്നാൽ, പൂരം തന്നെ അട്ടിമറിക്കാനുള്ള ഇടത് അജണ്ടയുടെ ഭാഗമാണ് അരങ്ങേറിയതെന്ന നിലപാടിലാണ് ബി.ജെ.പിയും സ്ഥാനാർഥി സുരേഷ് ഗോപിയും.
പൊലീസ് കമീഷണർ അങ്കിത് അശോകനെതിരെ പൊതുവികാരം ശക്തമാണ്. കഴിഞ്ഞ തവണയും പൂരത്തിന് പ്രശ്നങ്ങളുണ്ടാക്കിയ ഉദ്യോഗസ്ഥനുതന്നെ ഇത്തവണ എങ്ങനെ ക്രമസമാധാന ചുമതല നൽകിയെന്ന ചോദ്യത്തിന് സർക്കാറിന് മറുപടിയില്ല. ഉദ്യോഗസ്ഥരെ മാറ്റിയതിനാൽ മാത്രം പ്രശ്നം തീരുന്നില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് കെ. മുരളീധരൻ ആവശ്യപ്പെട്ടത്. അതേസമയം, പൂരവുമായി വൈകാരികമായി അടുപ്പമുള്ള തൃശൂരിൽ പൂരം അട്ടിമറിനീക്കം ഉയർത്തിയുള്ള പ്രചാരണം ശക്തിപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോൺഗ്രസ്-ബി.ജെ.പി പ്രചാരണം താൽക്കാലികമായെങ്കിലും ഇടതുമുന്നണിയെ വിഷമിപ്പിക്കുന്നുണ്ട്.
പൂരദിനത്തിലുണ്ടായ പ്രശ്നങ്ങളിൽ ഡി.ഐ.ജിയും ഐ.ജിയും ഇടപെടാൻ വൈകിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. മേലുദ്യോഗസ്ഥരെ വിവരങ്ങൾ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി. ചടങ്ങുകൾ നിർത്തിവെച്ചത് വൻവിവാദമായിട്ടും ഡി.ജി.പി ഒരു വിശദീകരണംപോലും ചോദിച്ചില്ല. അതിനിടെ, മുമ്പ് തൃശൂരിൽ കമീഷണറായിരുന്ന യതീഷ് ചന്ദ്ര പൂരനാളിൽ ജനങ്ങളുമായി സൗഹാർദപരമായി ഇടപെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.