തൃശൂർ: തൃശൂർ പൂരം കലക്കിയ സംഭവം പുനരന്വേഷിക്കാൻ സംസ്ഥാന സർക്കാർ പുതിയ സംഘത്തെ നിയോഗിക്കുമ്പോൾ ഉയരുന്നത് ഒട്ടേറെ ചോദ്യങ്ങൾ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതന്നെ പ്രതിസ്ഥാനത്ത് നിർത്തിയാണ് 1200 പേജുള്ള റിപ്പോർട്ട് സർക്കാർ തള്ളിയത്. പൂരം കലക്കിയതിന്റെ പേരിൽ ആരോപണവിധേയനായ ഉന്നത ഉദ്യോഗസ്ഥൻ തന്നെ വിഷയം അന്വേഷിച്ചെന്ന ആരോപണം ശരിവെക്കുന്നതാണ് റിപ്പോർട്ട് തള്ളിയ നടപടി. സമഗ്ര അന്വേഷണമാണ് അടുത്ത ഘട്ടത്തിൽ നടക്കുക.
പൂരം കലക്കാൻ എ.ഡി.ജി.പി സംഘ്പരിവാർ-ഹിന്ദുത്വ തീവ്രവാദ സംഘടനകളുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് നേരിട്ടാകും അന്വേഷിക്കുക. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ എ.ഡി.ജി.പി അജിത് കുമാർ അന്വേഷണം അട്ടിമറിക്കുമെന്ന പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആക്ഷേപങ്ങൾ ഒഴിവാക്കുന്നതിനുകൂടിയാണ് ഈ നീക്കം. പൂരം നടക്കുന്നതിന് മുമ്പ് പല തവണ ആർ.എസ്.എസ് ഉന്നത നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചകളിലെ വിവരങ്ങൾ ഡി.ജി.പിക്ക് കീഴിലെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ശേഖരിക്കാനാവില്ലെന്ന വസ്തുതയുമുണ്ട്.
പൂരവുമായി ബന്ധപ്പെട്ട വിശദ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ്. പൂരം കലക്കാനുള്ള ഗൂഢാലോചന, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വത്തിലെ ചില ഭാരവാഹികളുടെ പങ്ക്, സംഘ്പരിവാർ ഇടപെടൽ എന്നിവയൊക്കെ അന്വേഷണത്തിന്റെ ഭാഗമാകും. തൃശൂർ പൂരത്തിനിടെ മനഃപൂർവം കലാപം സൃഷ്ടിക്കാൻ ആർ.എസ്.എസ്-സംഘ്പരിവാർ ശ്രമം നടന്നിരുന്നതായും ഇതിന് തിരുവമ്പാടി ദേവസ്വം ഭാരവാഹികളിൽ ചിലരുടെ സഹായം ലഭിച്ചിരുന്നതായും സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. കൂടാതെ, ബി.ജെ.പി ലോക്സഭ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രവർത്തിച്ച വരാഹി അനലറ്റിക്സ് ഏജൻസിയുടെ പ്രവർത്തനവും സംശയനിഴലിലാണ്. ഇതും അന്വേഷണപരിധിയിൽ വരണമെന്നാണ് ആവശ്യം.
ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായത് സംബന്ധിച്ച് അന്വേഷിക്കുന്നത് ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമാണ്. പൂരം നടക്കുമ്പോൾ തൃശൂർ സിറ്റി പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിന്റെ പ്രവർത്തനങ്ങളാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്നായിരുന്നു മാധ്യമങ്ങളും രണ്ടു ദേവസ്വങ്ങളും ബി.ജെ.പിയും ആരോപണം ഉന്നയിച്ചിരുന്നത്. ഇതേതുടർന്ന് കമീഷണറെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ആരുടെ നിർദേശപ്രകാരമാണ് പൂരം അലങ്കോലപ്പെടുംവിധം പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ പുതിയ അന്വേഷണത്തിൽ ചുരുളഴിയും എന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.