തിരുവനന്തപുരം: തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു. ഇക്കാര്യം ആലോചിക്കാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശൂർ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്‍റെ ആവശ്യമാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു, ടി.എൻ. പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.