തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള വിശദീകരണം സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത സി.പി.എം-ആര്.എസ്.എസ് ഡീലിന്റെ ഭാഗമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്.
തൃശൂര്‍ ഈസ്റ്റ് പൊലീസ് പൂരം അലങ്കോലപ്പെട്ടതില്‍ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവന വിചിത്രമാണ്.
പൂരം കലങ്ങിയതില്‍ ത്രിതല അന്വേഷണം നടക്കുന്നതിന്റെ പ്രസക്തി ഇതോടെ നഷ്ടമായിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ തൃശൂര്‍ പൂരം തടസ്സപ്പെട്ടില്ലെന്ന് പറയുന്നു. പിന്നെ എന്ത് അന്വേഷണമാണ് നടക്കുക.
എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍ നേതൃത്വം നല്കിയ പൂരം അലങ്കോലമാക്കലും അതിനു പിറകിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും പുറത്തുവരേണ്ടതുണ്ട്. സ്വന്തം മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയായ സി.പി.ഐയെയും മന്ത്രിസഭയിലെ രണ്ടാമനെയും ബോധ്യപ്പെടുത്താന്‍ കഴിയാത്ത വസ്തുത മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും ആവര്‍ത്തിച്ച് അപഹാസ്യനാവുകയാണെന്നും പ്രതാപന് പറഞ്ഞു.
പൂരം ചടങ്ങുകള്‍ തടസ്സപ്പെട്ട രാത്രിയില്‍ തിരുവമ്പാടി ഓഫിസിലേക്ക് വന്നത് ആംബുലന്‍സില്‍ ആണെന്ന് ദൃശ്യങ്ങള്‍ ഉണ്ടായിരിക്കെ താന്‍ വന്നത് ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ വാഹനത്തില്‍ ആണെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ഒരു കേന്ദ്രമന്ത്രിയുടെ അന്തസ്സിന് നിരക്കാത്തതാണ്.
സുരേഷ് ഗോപി അന്നുവന്നത് സേവാഭാരതിയുടെ ആംബുലന്സിലാണെന്നതിന് ഏറ്റവും വലിയ തെളിവ് ബി.ജെ.പിയുടെ ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോ തന്നെയാണ്. യാഥാർഥ്യങ്ങള്‍ ഇതായിരിക്കെ എന്തിനു വേണ്ടിയാണ് ജനത്തെ കബളിപ്പിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കുന്നതെന്നും പ്രതാപന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.