പൂരങ്ങളുടെ പൂരം തുടങ്ങി; ആവേശലഹരിയിൽ തൃശൂർ

തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരം തുടങ്ങി. ഇനി നാളെ ഉച്ച വരെയുള്ള പകലിരവുകൾ തൃശൂരിൽ പൂരക്കാഴ്ച മാത്രം. വൻ ജനാവലിയാണ് പൂരം കാണാൻ തൃശൂരിലേക്ക് എത്തുന്നത്. ഇന്ന് രാവിലെ കണിമംഗലം ശാസ്താവിന്‍റെ പൂരമാണ് ആദ്യം വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് മറ്റു പൂരങ്ങൾ ഓരോന്നായി വന്നു. തിരുവമ്പാടി ഭഗവതിയുടെ പൂരം മഠ ത്തിൽ എത്തി ഇറക്കി പൂജക്കു ശേഷം പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുകയാണ്.

പാറമേക്കാവിന്റെ പൂരം പുറത്തേക്ക് എഴുന്നെള്ളുകയാണ്.  ഇത് വടക്കുന്നാഥ ക്ഷേത്ര മതിലകത്ത് എത്തുമ്പോഴാണ് രണ്ടര മണിക്കൂർ നീളുന്ന ഇലഞ്ഞിത്തറ മേളം തുടങ്ങുന്നത്. മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും ഇലഞ്ഞിത്തറയിൽ പാണ്ടിമേളത്തിന് പെരുവനം കുട്ടൻമാരാരുമാണ് നേതൃത്വം നൽകുന്നത്. ഇരു പൂരവും വടക്കുന്നാഥന്‍റെ തെക്കേ ഗോപുരം വഴി പുറത്തിറങ്ങി മുഖാമുഖം അണിനിരക്കുമ്പോൾ വൈകീട്ട് അഞ്ചിന് കുടമാറ്റം തുടങ്ങും. രാത്രി പൂരങ്ങളുടെ ആവർത്തനമാണ്. പുലർച്ചെ മൂന്നിന് വെടിക്കെട്ട് നടക്കും. നാളെ ഉച്ചക്ക് 12ന് തിരുവമ്പാടി , പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥന്‍റെ ശ്രീ മൂല സ്ഥാനത്ത് ഉപചാരം ചൊല്ലുന്നതോടെ പൂരം സമാപിക്കും.

 

Tags:    
News Summary - Thrissur Pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.