സുൽത്താൻ ബത്തേരി: വയനാട് വാകേരിയിൽ കഴിഞ്ഞ ദിവസം പശുക്കിടാവിനെ കടിച്ചുകൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തി. ഇവിടെ സ്ഥാപിച്ച സിസിടിവിയിൽ കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ കൊന്ന പശുക്കിടാവിന്‍റെ അവശിഷ്ടം തേടിയാവാം കടുവ എത്തിയതെന്നാണ് നിഗമനം.
വാകേരി സിസിയിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിൽ നിന്നാണ് ഒരു ദിവസം മുമ്പ് കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തൊഴുത്തിൽ പശുവും ഉണ്ടായിരുന്നു. എന്നാൽ, കയർ പൊട്ടിച്ച് ഓടിയതോടെ പശു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിലാണ് ഇന്നലെ രാത്രി വീണ്ടും കടുവയുടെ ദൃശ്യം പതിഞ്ഞത്. പാതിഭക്ഷിച്ചുപോയ പശുക്കിടാവിന്‍റെ അവശിഷ്ടങ്ങൾ കഴിക്കാനാണു കടുവ ഇവിടെ എത്തിയതെന്നാണ് നിഗമനം.
പ്രദേശത്ത് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചു.
വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കടുവ കടിച്ചുകൊന്നതിനെ തുടർന്ന് മേഖലയാകെ ഭീതിയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്. ഇതോടെ ആശ്വാസമായെന്ന ധാരണയിലായിരുന്നു നാട്ടുകാർ. എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ വാകേരിക്കടുത്ത് കല്ലൂര്‍കുന്നിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. കല്ലൂര്‍കുന്ന് സെന്റ് ആന്റണീസ് പള്ളിക്ക് സമീപമാണ് റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതെന്ന് തോട്ടത്തിലെ തൊഴിലാളികള്‍ പറഞ്ഞു. പശുക്കിടാവിനെ കൊന്നതോടെ വീണ്ടും മേഖലയാകെ കടുവ ഭീതിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.