തിരുവനന്തപുരം: കുട്ടികളിലെ പുകയില ഉപയോഗം കുറഞ്ഞ സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനത്ത് കേരളം. ഹിമാചൽ പ്രദേശാണ് ഒന്നാം സ്ഥാനത്ത്. കർണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നിവയാണ് കുട്ടികളിലെ പുകയില ഉപയോഗത്തിൽ കേരളത്തെക്കാൾ കുറഞ്ഞ നിരക്ക് സൂചിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.
കുട്ടികളിലെ പുകയില ഉപഭോഗത്തിൽ ദേശീയ ശരാശരി 8.5 ശതമാനമായി കണക്കാക്കുമ്പോൾ കേരളത്തിൽ അത് 3.2 ശതമാനം മാത്രമാണ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളിലാണ് പട്ടണപ്രദേശങ്ങളിലേതിനെക്കാൾ പുകയില ഉപയോഗം കൂടുതൽ. ഉപയോഗത്തിൽ സിഗരറ്റ്, ബീഡി, ചവയ്ക്കുന്ന പുകയില ഉൽപന്നങ്ങൾ എന്നിവ തുല്യനിലയിലാണ്. ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
13നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ പുകയില ഉപയോഗ സൂചകങ്ങളാണ് സർവേക്കായി ഉപയോഗിച്ചത്. 32 സ്കൂളിലെ 3206 കുട്ടികളെ പഠനവിധേയരാക്കി. ഇതിൽ 2930 പേരും 13നും 15നും ഇടയിൽ പ്രായമുള്ളവരാണ്. സംസ്ഥാനത്തെ കുട്ടികളിൽ 3.2 ശതമാനം ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നെന്ന് പഠനം സൂചിപ്പിക്കുന്നു.
ഇതിൽ 5.4 ശതമാനം ആൺകുട്ടികളും 0.9 ശതമാനം പെൺകുട്ടികളുമാണ്. 2.4 ശതമാനം പുകവലിക്കുന്നവരാണ് (4.4 ശതമാനം ആൺകുട്ടികളും 0.4 പെൺകുട്ടികളും). 1.3 ശതമാനം കുട്ടികൾ ചവയ്ക്കുന്ന പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു (2.0 ആൺകുട്ടികൾ 0.5 പെൺകുട്ടികൾ).
സംസ്ഥാനത്തെ 8.6 ശതമാനം കുട്ടികൾ പുകവലിക്കുന്ന മറ്റുള്ളവരിൽനിന്ന് പുക ഏൽക്കുന്നവരാണ്. 25 ശതമാനം അടച്ചിട്ട ഹോട്ടലുകൾ, സിനിമ തിയറ്ററുകൾ, വ്യാപാരസ്ഥാപനങ്ങൾ, ശുചിമുറികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽനിന്ന് പുകയില പുക ഏൽക്കുന്നു.
74 ശതമാനത്തിനും പുകയില ഉൽപന്നങ്ങൾ ലഭിക്കുന്നത് കടകളിൽനിന്നാണ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയില വിൽക്കരുതെന്ന ചട്ടം നിലനിൽക്കുമ്പോഴാണിത്. 83 ശതമാനം കുട്ടികളും മറ്റുള്ളവരുടെ പുകവലി തങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസ്സിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.