കൊച്ചി: നഗരത്തിൽനിന്ന് വല്ലാർപാടം ടെർമിനലിലേക്ക് കണ്ടെയ്നർ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകുന്നത്, ആ റോഡിനും റെയിൽ പദ്ധതിക്കുമായി വിലപ്പെട്ട സമ്പാദ്യമെല്ലാം വിട്ടുനൽകിയ ഒരുപാടുപേരുടെ സ്വപ്നങ്ങൾക്കു മീെതയാണ്. വീടുകളിൽനിന്ന് നിരവധി കുടുംബങ്ങൾ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കപ്പെട്ടിട്ട് ശനിയാഴ്ച 13 വർഷം പൂർത്തിയാകുന്നു. നഷ്ടപരിഹാരം ലഭിച്ച് പുതുജീവിതം തുടങ്ങിയത് വളരെക്കുറച്ച് കുടുംബങ്ങൾ മാത്രം.
2008 ഫെബ്രുവരി ആറിനായിരുന്നു വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കൽ നടന്നത്. കാലുപിടിച്ച് കരഞ്ഞിട്ടും നിർദയം തെരുവിലേക്കിറക്കപ്പെട്ടത് ഏഴു വില്ലേജുകളിൽനിന്നായി 316 കുടുംബങ്ങളാണ്.
അന്ന് അന്തിയുറങ്ങാൻ കൂരയില്ലാതായവർ മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ സമരം ഒന്നരമാസത്തോളം നീണ്ടു. മേനക ജങ്ഷനിൽ നടത്തിയ ജനകീയ പ്രക്ഷോഭത്തിനൊടുവിൽ സർക്കാർ 2008 മാർച്ച് 19ന് പുനരധിവാസ ഉത്തരവ് ഇറക്കി.
വർഷമിത്ര പിന്നിട്ടിട്ടും പാക്കേജിലെ വാഗ്ദാനങ്ങളിൽ പലതും കടലാസിലുറങ്ങുകയാണ്. വടുതല, മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂർ, തുതിയൂർ, മുളവുകാട് എന്നിവിടങ്ങളിലായിരുന്നു നഷ്ടപരിഹാരമായി ഭൂമി അനുവദിച്ചത്. ഇതിൽ 90 ശതമാനത്തോളം വെള്ളത്തിൽതന്നെ. ഒഴിപ്പിക്കപ്പെട്ട 316ൽ 60 കുടുംബങ്ങൾ മാത്രമാണ് ചെറിയ തോതിലെങ്കിലും പുനരധിവസിക്കപ്പെട്ടത്. ഇരുനൂറ്റമ്പതോളം കുടുംബങ്ങളും വാടകക്കോ പണയത്തിനോ ആണ് ജീവിതം തള്ളിനീക്കുന്നത്.
ചിലർ ഉയർന്ന പലിശക്ക് വായ്പയെടുത്തും മറ്റും വീടുണ്ടാക്കി. ഷെഡുകളിൽ കഴിയുന്നവരുമുണ്ട്. ഇവർക്ക് വീടാകുന്നതുവരെ വാടകയിനത്തിൽ 5000 രൂപ നൽകണമെന്ന പാക്കേജിലെ വ്യവസ്ഥയും ലംഘിക്കപ്പെട്ടു. നിർമിച്ച വീടുകളിൽ പലതും വിള്ളലും ചരിവും വന്ന് അപകടാവസ്ഥയിലുമാണ്.
പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത 34 പേർ ഇതിനകം പുനരധിവാസമെന്ന സ്വപ്നം സഫലമാവാതെ വിടപറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് യോഗ്യതയനുസരിച്ച് തൊഴിൽ നൽകുമെന്ന വാഗ്ദാനവും പാഴായി. കുടിയിറക്കലിെൻറ 13ാം വാർഷികത്തിലും പുനരധിവാസം പൂർത്തിയാകാതെ അനിശ്ചിതത്വം തുടരുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് ഇവിടുത്തെ ഇരകൾ.
കൊച്ചി: പല ആനുകൂല്യങ്ങളും വൈകിച്ച് മരണാനന്തര ബഹുമതിയായി നൽകുന്നതിനുപകരം വികസന പ്രവർത്തനങ്ങൾക്ക് കിടപ്പാടം വിട്ടുകൊടുത്തവർ ജീവിച്ചിരിക്കുമ്പോൾതന്നെ അത് ലഭ്യമാക്കണമെന്ന് മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുനരധിവാസ ഭൂമികളിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കണമെന്നും കുടിയൊഴിപ്പിക്കൽ വാർഷികത്തോടനുബന്ധിച്ച് ചേർന്ന യോഗം ആവശ്യപ്പെട്ടു.
ജന. കൺവീനർ ഫ്രാൻസീസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. അരവിന്ദാക്ഷൻ, സി.ആർ. നീലകണ്ഠൻ, വി.പി. വിത്സൻ, കെ. രജികുമാർ, വി.കെ. അബ്ദുൽഖാദർ, കുരുവിള മാത്യുസ്, ഏലൂർ ഗോപിനാഥ്, ജോണി ജോസഫ്, കെ.കെ. ശോഭ, മേരി ഫ്രാൻസീസ്, ജോൺസൺ മൂലമ്പിള്ളി, മൈക്കിൾ കോതാട്, സാബു എളമക്കര, ജോർജ് ചേരാനല്ലൂർ, പി.എസ്. രാമകൃഷ്ണൻ മഞ്ഞുമ്മൽ, എം.ബി. ആൻറണി മുളവുകാട്, പി. ഉണ്ണികൃഷ്ണൻ കടുങ്ങല്ലൂർ, മാർട്ടിൻ വടുതല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.