വെളളമുണ്ട (വയനാട്): ഭരണകൂട ഭീകരതക്കിരയായ നക്സൽ കലാപ രക്തസാക്ഷി വർഗീസിന്റെ ഓർമകൾ ഉറങ്ങുന്ന വീട് വിപ്ലവ സ്മരണയുടെ മ്യൂസിയമായി ഉണരും. സാമൂഹിക നീതിക്കായി പടപൊരുതിയ അടിയോരുടെ പെരുമന്റെ ഓർമകൾക്ക് ഇതോടെ സ്ഥിര സ്മാരകമാകും.
വർഗീസിന്റെ പഴയ വീടിരിക്കുന്ന സ്ഥലത്ത് മ്യൂസിയത്തിന്റെ രൂപകൽപന പൂർത്തിയായി. വർഗീസിന്റെ കുടുംബത്തിന് കഴിഞ്ഞവർഷം സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാര തുക ഉപയോഗിച്ചാണ് നിർമാണം. വർഗീസിന്റെ ഓർമകൾ അലയടിക്കുന്ന പഴയ വീട് ഇന്നും വെള്ളമുണ്ട ഒഴുക്കൻ മൂലയിൽ അവശേഷിക്കുന്നുണ്ട്. തിരുനെല്ലി കൂമ്പാര കൊല്ലിയിലെ വർഗീസ് പാറയും വെള്ളമുണ്ടയിലെ ശവകുടീരവും ചരിത്ര സംഭവത്തിന് സാക്ഷിയായി ഈ വീടിനൊപ്പം നിലനിൽക്കുന്നു.
ജന്മികളുടെ ചൂഷണത്തിനും വഞ്ചനക്കുമെതിരെ വയനാട്ടിൽ നടന്ന ആദ്യ കലാപമായാണ് നക്സൽ പോരാട്ട ചരിത്രം വിലയിരുത്തപ്പെടുന്നത്. ഇതിന്റെ നേതൃസ്ഥാനത്ത് വർഗീസുണ്ടായിരുന്നു. 1970 ഫെബ്രുവരി 18നു സന്ധ്യയോടെ 31ാം പിറന്നാൾ ദിനത്തിലാണ് വർഗീസ് രക്തസാക്ഷിയാവുന്നത്.
ഏറ്റുമുട്ടലിൽ വർഗീസ് മരിച്ചു എന്നാണ് പൊലീസ് പുറത്തുവിട്ടത്. വർഗീസിനെ വെടിെവച്ചു കൊല്ലുകയായിരുന്നെന്ന് കോൺസ്റ്റബിളായിരുന്ന രാമചന്ദ്രൻ നായർ1998 ൽ വെളിപ്പെടുത്തി. അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന പി. ലക്ഷ്മണയും ഐ.ജി. വിജയനും നിർബന്ധിച്ചിട്ടാണ് കൃത്യം നടത്തിയത് എന്നും വെളിപ്പെട്ടു. സി.ബി.ഐ അന്വേഷണത്തിൽ ലക്ഷ്മണയും വിജയനും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2010 ഒക്ടോബർ 26നാണ് കാലം കാതോർത്ത വിധി വന്നത്.
വർഗീസ് സ്മാരക ട്രസ്റ്റ് ഏറ്റെടുത്ത വീട് കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിലായിരുന്നു. കുടുംബാംഗങ്ങൾ വർഗീസിന് അവകാശപ്പെട്ട 72 സെന്റ് ഭൂമിയും വീടും 2000ത്തിൽ സ്മാരക ട്രസ്റ്റിന് കൈമാറി. പി.സി. ഉണ്ണിച്ചെക്കൻ ചെയർമാനും കെ.ടി. കുഞ്ഞിക്കണ്ണൻ കൺവീനറുമായ വർഗീസ് സ്മാരക ട്രസ്റ്റിന്റെ പേരിൽ പാർട്ടി വീട് ഏറ്റെടുത്തു.
എന്നാൽ, 2005ൽ സി.പി.ഐ (എം.എൽ) പിളരുകയും ഉണ്ണിച്ചെക്കന്റെ നേതൃത്വത്തിൽ റെഡ് ഫ്ലാഗ് രൂപംകൊളളുകയും കെ.എൻ. രാമചന്ദ്രൻ എം.എല്ലിന് നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് ട്രസ്റ്റിൽ അവകാശത്തർക്കം ഉടലെടുത്തതോടെ വർഗീസ് സ്മാരകം ജീർണിച്ചു തുടങ്ങി. നിലവിൽ കെട്ടിടം ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. ഈ വീട് പുതുക്കിപ്പണിത് മ്യൂസിയമാക്കുന്നതോടെ വിപ്ലവ സ്മരണക്ക് ചരിത്രരേഖയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.