തിരുവനന്തപുരം: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, സർക്കാർ ‘ഒളിച്ചുവെച്ച’ വിവരങ്ങൾ പുറത്തുവിടുന്നതിൽ വീണ്ടും കുരുക്ക്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതല്ലാത്ത വിവരങ്ങൾ അപേക്ഷകർക്ക് കൈമാറുന്നതിൽ സംസ്ഥാന വിവരാവകാശ കമീഷൻ അന്തിമ ഉത്തരവ് ശനിയാഴ്ച പുറപ്പെടുവിക്കാനിരിക്കെ തന്റെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിക്കാരൻ കമീഷന് മുന്നിലെത്തി.
വിവരങ്ങൾ പുറത്തുവിടുന്നതിൽ രണ്ടാം അപ്പീൽ നൽകിയിരുന്ന ഇദ്ദേഹം, തന്റെ വാദങ്ങൾ കമീഷൻ കേട്ടില്ലെന്നാരോപിച്ചാണ് അന്തിമ ഉത്തരവ് പുറത്തുവിടുന്നതിന് മിനിറ്റുകൾ മാത്രം ശേഷിക്കെ തടസ്സഹരജിയുമായി എത്തിയത്. പരാതിക്കാരനെക്കൂടി കേസിൽ കക്ഷി ചേർക്കാൻ തീരുമാനിച്ച കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം കേസ് മറ്റൊരു ദിവസത്തേക്ക് വിധി പറയാൻ മാറ്റി. ഹരജിക്കാരൻ ആരാണെന്ന് കമീഷണർ വെളിപ്പെടുത്തിയില്ല.
ജൂലൈ അഞ്ചിനാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമീഷൻ സുപ്രധാന ഉത്തരവ് നൽകിയത്. 295 പേജ് റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്നവ ഒഴിവാക്കി മുഴുവൻ വിവരവും നൽകണമെന്നായിരുന്നു നിർദേശം.
വ്യക്തിഗത വിവരങ്ങളെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 33 ഖണ്ഡിക കമീഷൻ സ്വമേധയാ ഒഴിവാക്കി. പുറമെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങളുണ്ടെങ്കിൽ ഒഴിവാക്കാമെന്നും അത് ഏതൊക്കെയെന്ന് അപേക്ഷകനെ മുൻകൂട്ടി അറിയിക്കണമെന്നും കമീഷൻ നിർദേശിച്ചിരുന്നു. ഇതിന്റെ മറപിടിച്ച് 101 ഖണ്ഡിക കൂടി സാംസ്കാരിക വകുപ്പ് വെട്ടി.സർക്കാറിന്റെ ഒഴിവാക്കൽ പട്ടികയിൽ ഇല്ലാതിരുന്ന 49 മുതൽ 53 പേജുകളിലെ 11 ഖണ്ഡിക കൂടി ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിനെതിരെയാണ് ആദ്യ അപേക്ഷകനായ ‘മാധ്യമം’ ലേഖകൻ അനിരു അശോകൻ വിവരാവകാശ കമീഷനെ സമീപിച്ചത്.
49 മുതൽ 53 വരെ പേജുകൾ ഒഴിവാക്കാൻ തീരുമാനിച്ചതാണെന്നും അത് അപേക്ഷകനെ അറിയിക്കുന്നതിൽ വീഴ്ചപറ്റിയെന്നും ഹിയറിങ്ങിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ സുഭാഷിണി തങ്കച്ചിയും സാംസ്കാരിക വകുപ്പ് ജോയന്റ് സെക്രട്ടറി ആർ. സന്തോഷും കുറ്റസമ്മതം നടത്തിയിരുന്നു.
ഒഴിവാക്കിയ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും ലേഖകനോട് മാപ്പ് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും കമീഷൻ തള്ളി. ശനിയാഴ്ച 11ന് അന്തിമ ഉത്തരവ് സംസ്ഥാന വിവരാവകാശ കമീഷൻ ഓഫിസിൽനിന്ന് നേരിട്ട് കൈപ്പറ്റണമെന്നാണ് ഉദ്യോഗസ്ഥർ അപേക്ഷകനെ അറിയിച്ചിരുന്നത്. എന്നാൽ 10.58ന് തടസ്സഹരജി എത്തിയതോടെ ഉത്തരവ് കൈമാറാൻ കഴിയില്ലെന്ന് അപേക്ഷകനെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.