'കുഞ്ഞ് മുന്നിൽ നിൽക്കുന്നത് കണ്ടില്ല' -പിഞ്ചുകുഞ്ഞ് വാഹനമിടിച്ച് മരിച്ച കേസിൽ പിടിയിലായ ഡ്രൈവർ

പോത്തൻകോട്: വേങ്ങോട് വാഹനമിടിച്ച് ഒന്നേകാൽ വയസ്സുകാരൻ മരിച്ച സംഭവത്തിൽ കാർ​ ഡ്രൈവർ വേളാവൂർ സ്വദേശി തൗഫീഖി(25)നെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം മുന്നോട്ടെടുത്തപ്പോൾ കുഞ്ഞ് നിൽക്കുന്നത് കണ്ടി​ല്ലെന്നും അബദ്ധത്തിലാണ് അപകടം സംഭവിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

പ്രതിയ്ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു പോത്തൻകോട് വേങ്ങോട് വീട്ടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നേകാൽ വയസ്സുകാരനായ റയ്യാനെ വാഹനം തട്ടി വീണ നിലയിൽ കണ്ടെത്തിയത്. മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കുട്ടിയെ ഇടിച്ചിട്ട വാഹനമേതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്.

പി.എം.ജി എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ജീവനക്കാരൻ വേങ്ങോട് കിഴക്കുംകര പുത്തൻ വീട്ടിൽ അബ്ദുൽറഹീമി​ന്റെയും പകൽക്കുറി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഫസ്നയുടെയും മകനാണ് റയ്യാൻ.

അയൽവാസിയായ ഓട്ടോ ഡ്രൈവർ അബ്ദുൽ സലാമാണ് വീട്ടിനുമുന്നിലെ റോഡിൽ അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന കുട്ടിയെ ആദ്യം കണ്ടത്. ഈ സമയത്ത് കുട്ടിയുടെ ഉപ്പുപ്പയും ഉമ്മയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി വേങ്ങോട് മുസ്‍ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.


Tags:    
News Summary - Toddler's death in Pothencode: Driver held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.