സംസ്ഥാനത്ത് ടോള്‍ കൊള്ള: സര്‍ക്കാര്‍ നിസംഗത അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: മൂലധന ശക്തികള്‍ ടോളിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിന് ഇടതുസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും സര്‍ക്കാര്‍ നിസംഗത അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ. സംസ്ഥാനത്തെ പൊതുനിരത്തുകളില്‍ വാഹനം ഓടിക്കാന്‍ കഴിയാത്ത വിധം ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം തിരുവല്ലം ടോള്‍ പ്ലാസയില്‍ കഴിഞ്ഞ ദിവസമാണ് ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ സെപ്തംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നിരിക്കുന്നു. നിര്‍മാണ ചെലവിന്റെ പതിന്മടങ്ങ് തുക ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ചിട്ടും ടോള്‍ അവസാനിപ്പിക്കുന്നില്ല.

56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മണ്ണുത്തി- ഇടപ്പള്ളി ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായത് 2012 ലാണ്. 312.50 കോടി രൂപ ചെലവ് കണക്കാക്കി 2006 ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ചെലവായത് 721.21 കോടി രൂപ. 2012 ല്‍ ടോള്‍ പിരിവ് തുടങ്ങി. 2023 ജനുവരി 31 വരെ പിരിച്ചത് 1135.29 കോടി രൂപ. അതായത് ഇരട്ടിയോളം രൂപ. 2028 വരെയാണ് ടോള്‍ കാലാവധി.

ഇതു തന്നെയാണ് സംസ്ഥാനത്തെ എല്ലാ ടോള്‍ പിരിവ് കേന്ദ്രങ്ങളുടെയും അവസ്ഥ. കുത്തക കമ്പനികള്‍ അനിയന്ത്രിതമായി ടോള്‍ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഇച്ഛാശക്തിയോടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. ജനങ്ങളാകട്ടെ പഞ്ചപുച്ഛമടക്കി അനുസരിക്കുന്ന സാഹചര്യമാണ്.

എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടായാല്‍ സര്‍ക്കാര്‍ കുത്തകകള്‍ക്കൊപ്പം നിന്ന് ജനങ്ങളെ പോലീസ് മര്‍ദ്ദനത്തിനും കള്ളക്കേസിനും വിധേയമാക്കും. സംസ്ഥാനത്ത് നിലവിലുള്ള ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം വിലയിരുത്താനും സോഷ്യല്‍ ഓഡിറ്റിങ് നടത്തി ടോള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കാനും ഇടതു സര്‍ക്കാര്‍ തയാറാവണമെന്ന് സംസ്ഥാന ട്രഷറര്‍ അഡ്വ എ.കെ സലാഹുദ്ദീന്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Toll robbery in the state: SDPI wants the government to end its indifference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.