തച്ചങ്കരിയെ നിയമിച്ചത്​ സെൻകുമാറിനെ നിരീക്ഷിക്കാനോയെന്ന്​ ഹൈകോടതി

കൊച്ചി: ടി.പി. സെൻകുമാറിനെ നിരീക്ഷിക്കുന്നതിനാണോ ടോമിൻ ജെ. തച്ചങ്കരിയെ പൊലീസ് അഡ്മിനിസ്ട്രേഷൻ എ.ഡി.ജി.പിയായി നിയോഗിച്ചതെന്ന് ഹൈക്കോടതി. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. 
ഡി.ജി.പിയെ നിരീക്ഷിക്കാനാണ് തച്ചങ്കരിയെ നിയോഗിച്ചിരിക്കുന്നതെങ്കിൽ, അദ്ദേഹത്തെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ടോമിൻ തച്ചങ്കരിക്കെതിരായ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്​. 

ഡി.ജി.പിയായി ടി.പി. സെൻകുമാറിനെ നിയമിക്കുന്നതിന് മുമ്പ്​ പൊലീസ് സേനയിൽ നടത്തിയ സ്ഥലം മാറ്റങ്ങളും പൊലീസ്​ ആസ്ഥാനത്ത്​ ടോമിൻ തച്ചങ്കരിയെ നിയമിച്ചതും ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. 

രാമങ്കരി സ്വദേശി ജോസ് തോമസാണ് ടോമിൻ ജെ. തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ടോമിൻ തച്ചങ്കരി നിരവധി കേസുകളിൽ പ്രതിയും ആരോപണങ്ങൾ നേരിടുന്ന ആളുമാണെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.  സെൻകുമാർ സ്ഥാനമേൽക്കും മുമ്പ്​ പൊലീസ് ആസ്ഥാനത്തി ​​​െൻറ കടിഞ്ഞാൺ കൈയ്യിലൊതുക്കുകയെന്ന ലക്ഷ്യത്തിലാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതെന്നും ഹരജിയിൽ ആരോപിക്കുന്നു. 

കൂട്ടസ്ഥലംമാറ്റത്തി​​​െൻറ രേഖകൾ പരിശോധിച്ച്​ റദ്ദാക്കണമെന്നു കേരള പൊലീസ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി സംസ്ഥാന സെക്യൂരിറ്റി കമ്മിഷനെ നിയമിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു. പല തവണ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണു തച്ചങ്കരി. കീഴുദ്യോഗസ്ഥരിൽനിന്നു കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ തച്ചങ്കരിയെ സസ്പെൻഡ് ചെയ്യണമെന്ന് 2016 ഓഗസ്റ്റിൽ വിജിലൻസ് ഡയറക്ടർ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്.

ടോമിന്‍ തച്ചങ്കരിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ സംബന്ധിച്ചും വകുപ്പ്​ തല അന്വേഷണം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ രേഖാമൂലം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

Tags:    
News Summary - Tomin Tachankary- Senkumar- Highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.