തിരുവനന്തപുരം: ഇടത് ഭരണത്തിൽ അടിമുടി അഴിമതിയാണെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. എ.ഐ കാമറ, കെ ഫോൺ, ലൈഫ് ഫ്ലാറ്റ് തുടങ്ങി ഇടതുപക്ഷ സർക്കാരിനെതിരെ നിരന്തരമായി ഉയർന്നുവരുന്ന അഴിമതികളെക്കുറിച്ച് സമഗ്രാന്വേഷണം വേണം. സംസ്ഥാന സർക്കാരിൻറെ എല്ലാവിധ ഇടപാടുകളെ കുറിച്ചും സിറ്റിങ് ജഡ്ജി അന്വേഷിക്കണെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എ.ഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായി വ്യക്തമാകുന്ന തരത്തിൽ രേഖകളും റിപ്പോർട്ടുകളും പുറത്ത് വന്നിട്ടും മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ഒരക്ഷരം മിണ്ടുന്നില്ല. വഴിവിട്ട പ്രവർത്തനങ്ങൾ പുറത്തുവന്നതോടെ തങ്ങളുടെ നിയന്ത്രണത്തിലുള്ളവരെ വെച്ച് അന്വേഷണം നടത്തി തടിയൂരാനാണ് ശ്രമിക്കുന്നത്.
ചില ഉദ്യോഗസ്ഥരെ ബലിയാടാക്കി പദ്ധതിയിൽ നിന്ന് പിന്മാറാൻ നടത്തുന്ന ശ്രമം അപഹാസ്യമാണ്. അഴിമതി ആരോപണം മുഖ്യമന്ത്രിയുടെ ബന്ധുക്കളിലേക്കെത്തിയിട്ടും മുഖ്യമന്ത്രി മൗനമവലംബിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. കണ്ടാൽ കളി കണ്ടില്ലെങ്കിൽ കാര്യം എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇടതു സർക്കാർ അഴിമതി നടത്തുന്നത്. എഐ കാമറ അഴിമതി സംബന്ധിച്ച് പൊതുസമൂഹത്തോട് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അഴിമതി നടത്താനും തന്ത്രപൂർവം നിൽക്കാനുമുള്ള മെയ് വഴക്കം മുഖ്യമന്ത്രി പിണറായി വിജയൻ നേടിയിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ പി. അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ റോയ് അറയ് ക്കൽ, അജ്മൽ ഇസ്മായീൽ, പി.പി റഫീഖ്, സെക്രട്ടറിമാരായ പി.ആർ സിയാദ്, കെ.കെ അബ്ദുൽ ജബ്ബാർ, ട്രഷറർ അഡ്വ. എ.കെ സ്വലാഹുദ്ദീൻ, അഷ്റഫ് പ്രാവച്ചമ്പലം, അൻസാരി ഏനാത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.