കണ്ണൂർ: കേരളത്തിലേക്ക് തോക്ക് കടത്തിയ കേസിൽ ടി.പി വധക്കേസ് പ്രതി ടി.കെ രജീഷിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ബംഗളൂരുവിൽ നിന്നെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രജീഷിന്‍റെ നിർദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയ കേസിലാണ് പൊലീസ് നടപടി.
കഴിഞ്ഞ ദിവസം കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ ജയിലിൽ കഴിയുന്ന ടി.കെ രജീഷിന്‍റെ നിർദേശ പ്രകാരമാണ് തോക്ക് കൊണ്ടു പോകുന്നതെന്ന് വ്യക്തമായത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ കർണാടക കോടതിയുടെ അറസ്റ്റ് വാറന്‍റുമായാണ് പൊലീസ് സംഘം കണ്ണൂരിലെത്തിയത്. രജീഷിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ തോക്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കൂ.
ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ് ടി.കെ രജീഷ്. വധക്കേസിൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച രജീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.