‘എല്ലാദിവസവും ആരോപണം ഉന്നയിക്കുന്നത് എന്തിന്? പരാതിയുണ്ടെങ്കില്‍ അൻവർ എഴുതി നൽകണം’

തിരുവനന്തപുരം: മുഖമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പി.വി. അൻവർ എം.എൽഎ രേഖാമൂലം പരാതിപ്പെടണമെന്നും എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. അൻവർ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞു. അത് അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞു. കൂടുതല്‍ പരാതിയുണ്ടെങ്കില്‍ അന്‍വര്‍ രേഖാ മൂലം പറയട്ടെ. അന്‍വര്‍ സി.പി.എം അംഗമല്ല, എല്‍.ഡി.എഫ് എം.എല്‍.എ മാത്രമാണ്. എ.ഡി.ജി.പി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം ഗൗരവതരമാണ്. ഫോണ്‍ ചോര്‍ത്തല്‍ ആര് ചെയ്താലും തെറ്റാണെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇടതുമുന്നണി യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“എ.ഡി.ജി.പിയെ ഉടന്‍ മാറ്റേണ്ട കാര്യമില്ല. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം തീരും വരെ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഒരാള്‍ മറ്റൊരാളെ കാണുന്നതില്‍ എന്താണ് തെറ്റ്. ആരെങ്കിലും നിങ്ങളെ സന്ദര്‍ശിക്കാന്‍ വന്നാല്‍ നിങ്ങള്‍ കാണാതിരിക്കുമോ? കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടല്ല എല്‍.ഡി.എഫിന്റെയും സര്‍ക്കാറിന്റെയും. ആരോപണം ശരിയാണെങ്കില്‍ ഉറപ്പായും നടപടിയുണ്ടാകും” -ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

പ്രകാശ് ജാവദേക്കറെ സന്ദര്‍ശിച്ചതിന്റെ പേരിലാണ് ഇ.പി ജയരാജനെ മാറ്റിയത് എന്ന പ്രചാരണം തെറ്റാണെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ജയരാജനെ മാറ്റിയത് സംഘടനാപരമായ തീരുമാനമാണ്. പാര്‍ട്ടിയംഗമെന്ന നിലയില്‍ ഒരാള്‍ എന്തു ചുമതലയാണ് ചെയ്യേണ്ടതെന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ സന്ദർശിച്ചതിനെ ന്യായീകരിച്ച സ്പീക്കര്‍ എ.എം ഷംസീറിന്റെ പരാമർശത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ തള്ളിക്കളഞ്ഞു. സ്പീക്കര്‍ എന്നത് സ്വതന്ത്ര പദവിയാണ്. അദ്ദേഹം എന്തു പറയണം എന്തു പറയണ്ട എന്നു തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണ്. എന്നാല്‍ പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനവും പ്രസ്താവനയും ശരിയല്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദത്തില്‍ ശക്തമായ നിലപാടാണ് ഇടതുമുന്നണി യോഗത്തില്‍ മറ്റുപാര്‍ട്ടികള്‍ സ്വീകരിച്ചത്. എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നു സി.പി.ഐയും ആര്‍.ജെ.ഡിയും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് മുഖ്യമന്ത്രി തള്ളുകയായിരുന്നു. അന്വേഷണത്തിന്റെ പരിധിയില്‍ കൂടിക്കാഴ്ചയും കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞതായി ആര്‍.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - TP Ramakrishnan criticises PV Anvar on back to back allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.